കസേര തെറിച്ചെങ്കിലും രേണു രാജിന് അഭിമാനത്തോടെ പടിയിറക്കം, ഒരു വര്‍ഷത്തിനിടെ ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍

ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുത്ത സബ്കളക്ടര്‍ രേണു രാജിന് കസേര തെറിച്ചെങ്കിലും അഭിമാനത്തോടെ പടിയിറങ്ങാം. ഒരു വര്‍ഷത്തിനിടെ 80 കയ്യേറ്റങ്ങളാണ് രേണു ഒഴിപ്പിച്ചത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തും കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയെടുത്തുമാണ് ദേവികുളം സബ്കളക്ടറായ രേണു രാജ് ഇടുക്കിയിലെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായത്. ഇതോടെ സബ്കളക്ടര്‍ ഡോ. രേണു രാജിനെ നിശബ്ദയാക്കാന്‍ സ്ഥലം മാറ്റം കൊണ്ടു മാത്രമേ സാധിക്കൂ എന്നു മനസിലാക്കിയ രാഷ്ട്രീയക്കാര്‍ ഒടുവില്‍ അത് സാധിച്ചെടുത്തു.

മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരേ കര്‍ശ്ശന നടപടികളുമായി മുന്നോട്ടുപോകവെയാണ് പതിവുപോലെ ദേവികുളം സബ് കളക്ടര്‍ക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. ദേവികുളം, ഉടുമ്ബന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേയും മൂന്നാറിലെ മലനിരകളിലുള്ള കൈയ്യേറ്റങ്ങള്‍ക്ക് എതിരേയും നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു രേണു രാജ്. ഇതിനിടെ എംപിയായിരുന്ന ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്ബൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് സെപ്റ്റംബര്‍ ഏഴിന് രേണുരാജ് റദ്ദാക്കിയിരുന്നു. ഈ നടപടിക്ക് കോടതിയുടെ സ്റ്റേ ലഭിച്ചെങ്കിലും രേണു രാജ് നടപടികളില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല. പലപ്പോഴും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ രേണു രാജിനെതിരെ പരസ്യമായി അധിക്ഷേപം വരെ നടത്തി.

പഴയ മൂന്നാര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പുഴയോരത്ത് എന്‍ഒസി ഇല്ലാതെ നടത്തിവന്ന പഞ്ചായത്ത് കോംപ്ലക്‌സ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് സബ് കളക്ടര്‍ അയച്ച റവന്യൂസംഘത്തെ എസ് രാജേന്ദ്രന്‍ എംഎല്‍എ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍ കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലെ രാഷ്ട്രീയക്കാരുടെ സംഘം ഒറ്റക്കെട്ടായാണ് തടഞ്ഞത്. ‘ബുദ്ധിയില്ലാത്തവള്‍’ എന്ന് പറഞ്ഞാണ് രേണുരാജിനെ അന്ന് എംഎല്‍എ അധിക്ഷേപിച്ചത്. ഇത് വിവാദമായതോടെ പാര്‍ട്ടി ശാസിക്കുകയും എംഎല്‍എ മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് സബ് കളക്ടര്‍ രേണു രാജിനെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. ഇക്കാ നഗറിലെയും ദേവികുളത്തെയും രാഷ്ട്രീയക്കാരുടെ കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടികളാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ സബ് കളക്ടര്‍ കൈകൊണ്ടത്.