ചൈനക്ക് മറുപടി, അമിത്ഷാ ടിബറ്റൻ അതിർത്തിയിൽ

ടിബറ്റൻ മേഖലയിൽ അപൂർവമായി സന്ദർശനം നടത്തി ഇന്ത്യയെ ചെറുതായൊന്നു ചൊറിയാനുള്ള ശ്രമം നടത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് മറുപടി നൽകി ഇന്ത്യ. അരുണാചൽ പ്രദേശിന്റെ തൊട്ടടുത്ത നഗരം വരെയെത്തി ജിൻപിങ് ഇന്ത്യയെ പ്രകോപിക്കുകയായിരുന്നു. അടിക്കു മറുപടി എന്ന രീതിയിൽ തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സാക്ഷാൽ അമിത്ഷാ തന്നെ ടിബറ്റൻ അതിർത്തി സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണ്. അടിച്ചാൽ തിരിച്ചടിക്കുന്ന പുതിയ ഇന്ത്യയുടെ ഭാവം ചൈനക്ക് മനസ്സിലാക്കി കൊടുക്കാനുള്ള സൂചനയും ഈ യാത്രയിലുണ്ട് .

വടക്കുകിഴക്കൻ മേഖലയിലെ പര്യടനം തുടങ്ങി മേഘാലയയിലെത്തിയ അമിത് ഷായെ തലസ്ഥാനനഗരമായ ഷില്ലോഗിലെ വിമാനതാവളത്തിൽ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും മന്ത്രിമാരും സ്വീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനവും സുരക്ഷയും കേന്ദ്രസർക്കാറിന്റെ എക്കാലത്തേയും പ്രഥമ പരിഗണനാ വിഷയമെന്ന് അമിത്ഷാ വ്യക്തമാക്കി. കേന്ദ്രമന്ത്രിക്കൊപ്പം വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗും , വടക്കുകിഴക്കൻ മേഖലാ സാംസ്‌കാരിക-വികസന വകുപ്പ് മന്ത്രി കിഷൻ റെഡ്ഡിയും ഷില്ലോംഗിലെത്തി.

മേഘാലയ മുഖ്യമന്ത്രി കോർണാഡ് സാംഗ്മ അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി എൻ.ഡി.എയുടേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുടേയും യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ യാത്രയാണ് യോഗത്തിൽ ഏറെ വിശദമായി ചർച്ച ചെയ്തത് . മേഖലയുടെ എല്ലാ വിഷയങ്ങളും സാദ്ധ്യതകളും കേന്ദ്രമന്ത്രിമാർക്ക് മുന്നിൽ വയ്‌ക്കുമെന്നും സാംഗ്മ പറഞ്ഞു.

അതേസമയം അരുണാചൽപ്രദേശിനോടു ചേർന്ന തന്ത്രപ്രധാനമായ ടിബറ്റൻ നഗരമായ നയിങ്ചിയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സന്ദർശിച്ചത് . ബുധനാഴ്ച നയിങ്ചിയിലെ വിമാനത്താളത്തിലെത്തിയ അദ്ദേഹത്തെ വിവിധ ഗോത്രവർഗ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഷിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രസിഡന്റായയതിനുശേഷം ഷി ജിൻപിങ് നടത്തുന്ന ആദ്യ ടിബറ്റൻ സന്ദർശനമായിരുന്നു ഇത് . തന്ത്രപ്രധാനമായ സന്ദർശനം ചൈനീസ് സർക്കാർ രഹസ്യമാക്കി വെക്കുയായിരുന്നു.

ടിബറ്റൻ ഭാഷയിൽ യാർലുങ് സാങ്ബോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിയുടെ കുറുകെയുള്ള നയാങ് പാലം സന്ദർശിച്ച ഷി ജിൻപിങ് പാരിസ്ഥിതിക പ്രശ്നങ്ങൾ പരിശോധിച്ചു. ചൈനയുടെ നടപ്പു പഞ്ചവത്സരപദ്ധതിയിൽ ഉൾപ്പെടുത്തി ബ്രഹ്മപുത്രയിൽ അണക്കെട്ടു പണിയുന്നതിന് തീരുമാനമായിരുന്നു. ഇത് ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്കയുമുയർത്തിയിരുന്നു.ടിബറ്റിലെ എല്ലാ ഗോത്രവിഭാഗക്കാരും സന്തോഷകരമായ ജീവിതത്തിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ അവസാനം നയിങ്ചിയെയും ടിബറ്റൻ തലസ്ഥാനമായ ലാസയെയും ബന്ധിപ്പിച്ച് ചൈന ആദ്യ സമ്പൂർണ വൈദ്യുത ബുള്ളറ്റ് തീവണ്ടി ഓടിച്ചിരുന്നു. അതിർത്തിയിലെ സംഘർഷങ്ങൾ മുന്നിൽക്കണ്ടാണ് ചൈനയുടെ നടപടിയെന്ന് വിമർശനമുയർന്നിരുന്നു.

ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ ലാസയെയും അരുണാചൽ പ്രദേശിനോട് ചേർന്നുള്ള തന്ത്രപ്രധാന ടിബറ്റൻ അതിർത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിച്ചാണ് ട്രെയിൻ സർവിസ്. 435.5 കിലോമീറ്റർ വരുന്ന വൈദ്യുതികരിച്ച പാതയുടെ ഉദ്ഘാടനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനമായ ജൂലൈ ഒന്നിന് മുൻപ് നിർവഹിക്കാനാണ് തീരുമാനിച്ചിരുന്നത് .ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയിൽവേ പാതയാണ് സിചുവാൻ-ടിബറ്റ് റെയിൽവേ. ക്വിൻഹായ്-ടിബറ്റ് പാത ആണ് ആദ്യത്തേത്. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായി സജീവമായ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കായാണ് ഈ പാത കടന്നുപോകുന്നത്.

ചൈനയിലെ സിചുവാൻ പ്രവിശ്യയെയും ടിബറ്റിലെ നയിങ്ചിയെയും ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണം ത്വരിതപ്പെടുത്താൻ ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ് നവംബറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. അതിർത്തി സ്ഥിരത സംരക്ഷിക്കുന്നതിൽ പുതിയ പാത പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.സിചുവാൻ-ടിബറ്റ് പാത സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ഡുവിൽനിന്ന് ആരംഭിച്ച് യാൻ വഴി സഞ്ചരിച്ച് കാംഡോ വഴി ടിബറ്റിലേക്ക് പ്രവേശിക്കും. ചെങ്ഡുവിൽനിന്ന് ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറിൽനിന്ന് 13 മണിക്കൂറായി ചുരുക്കുന്നതാണ് ഈ പാത. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള മെഡോഗിലെ നഗരമാണ് നിയിങ്ചി. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ ഇത് നിഷേധിച്ചിരുന്നു.