പ്രസവവേദനയെ തുടര്‍ന്ന് രക്തം വാര്‍ന്ന് കിടന്ന് യുവതി; അരികില്‍ മാലാഖയായി എത്തിയത് റിനു; ഇരുപത്തിരണ്ടുകാരി രക്ഷിച്ചത് രണ്ടു ജീവനുകള്‍

കൊച്ചി: ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ഇരുപത്തിരണ്ടുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രസവ വേദനയില്‍ പുളഞ്ഞു കിടന്ന ആനിയുടെ അടുത്തേക്ക് വരുമ്ബോള്‍ റിനുവിന് ഒരു ഗര്‍ഭിണിയായ സ്ത്രീയെ നോക്കിയുള്ള ഒരു മുന്‍പരിചയവുമില്ലായിരുന്നു. എന്നിരുന്നാലും ആ കൈകളാണ് ആനിയെയും കുഞ്ഞിനേയും മരണത്തില്‍ നിന്നും രക്ഷിച്ചത്. പെരുമ്ബാവൂര്‍ അല്ലപ്ര സ്വദേശി ആനിക്കാണ് റിനു എന്ന 22കാരിയുടെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിന് സുരക്ഷിതമായി ജന്മംനല്‍കാനായത്.

ഭര്‍ത്താവിനൊപ്പം വാടകവീട്ടിലാണ് ആനി കഴിഞ്ഞിരുന്നത്. ഗര്‍ഭകാലത്ത് കൃത്യമായ പരിചരണമോ, മരുന്നുകളോ ലഭിക്കാത്തതിനാല്‍ ആനി വളരെ അവശയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ആനിക്ക് പ്രസവവേദന തുടങ്ങി. വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവേ പ്രസവവേദനയില്‍ പുളഞ്ഞ് ആനി നിലവിളിച്ചതു കേട്ടാണ് പുലര്‍ച്ചെ ജോലിക്കുപോകാന്‍ അതുവഴി കടന്നുപോയ റിനു ഓടിയെത്തുന്നത്. ആനിയുടെ ഭര്‍ത്താവ് സുരേഷ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചിട്ട് കുറച്ചുനാളുകള്‍ മാത്രമായ റിനുവിന് ഗര്‍ഭകാല പരിചരണത്തില്‍ ഒരു മുന്‍പരിചയവുമുണ്ടായിരുന്നില്ല. “വൈദ്യുതി ഇല്ലാത്തതിനാല്‍ മെഴുകുതിരി കത്തിച്ചാണ് ഞാന്‍ അവരുടെ അരികിലെത്തിയത്. എവിടെനിന്നോ ഒരു ബ്ലേഡ് സംഘടിപ്പിച്ച്‌ അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തി. അപ്പോഴേക്കും ആംബുലന്‍സിലേക്കും വിളിച്ചുപറഞ്ഞിരുന്നു. കുഞ്ഞിനെ കൈയിലെടുത്ത് തുടച്ച്‌, അമ്മയെ വൃത്തിയാക്കി വേഗത്തില്‍ത്തന്നെ ആശുപത്രിയിലെത്തിക്കാനായി. ഇവിടെവന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച്‌ രണ്ടുപേരുടെയും ജീവനു കുഴപ്പമില്ലെന്നു പറഞ്ഞപ്പോഴാണ് ആശ്വാസമായത്.” റിനു രണ്ടു ജീവന്‍ രക്ഷിച്ച കഥ പറഞ്ഞു.

അച്ഛനും അമ്മയും ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ ആനി, ഒരു വീട്ടില്‍ ജോലിക്കുനില്‍ക്കുമ്ബോഴാണ് സുരേഷ് ബാബുവിനെ കല്യാണം കഴിക്കുന്നത്. കരിങ്കല്ലുപണിയെടുത്തിരുന്ന സുരേഷിന് ഇപ്പോള്‍ രോഗംമൂലം ജോലിക്കുപോകാനാകുന്നില്ല. ഇവര്‍ക്ക് ഒന്നര വയസ്സായ ഒരു കുട്ടിയുണ്ട്. “പ്രസവവേദനയില്‍ പുളഞ്ഞ് രക്തംവാര്‍ന്ന് നിലത്തുവീഴുമ്ബോള്‍ ഞാനും കുഞ്ഞും മരിച്ചുപോകുമെന്നാണ് കരുതിയത്. ആ മോള്‍ ആ വഴി വന്നില്ലായിരുന്നെങ്കില്‍.” ആനിയുടെ വാക്കുകള്‍ മുറിഞ്ഞുനിന്നപ്പോള്‍ അരികില്‍നിന്ന റിനു പറഞ്ഞു- “എന്റെ അച്ഛന്‍ ബിനുവും അമ്മ രാജേശ്വരിയും വര്‍ഷങ്ങള്‍ക്കു മുമ്ബ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലെ ദ്രാവകം വറ്റിയപ്പോള്‍ കുഞ്ഞ് മരിച്ചുപോകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ജനിച്ചശേഷം അഞ്ചു വര്‍ഷത്തിലേറെ ചികിത്സനടത്തിയാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് അമ്മ പറയാറുണ്ട്.’