വീടിന് മുന്നില്‍ മൃതദേഹം; സമീപത്തെ വീട്ടില്‍നിന്ന് മോഷണ ശ്രമത്തിനിടെ രക്ഷപ്പെട്ടയാളെന്ന് നാട്ടുകാര്‍

ഇടുക്കി/ നെടുങ്കണ്ടത്ത് വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം. വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചൊവ്വാഴ്ച രാവിലെ ചെമ്മണ്ണാറിലെ വീട്ട് മുറ്റത്ത് മരിച്ചനിലയില്‍ കണ്ടത്. ജോസഫ് ചെമ്മണ്ണര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ മോഷണത്തിനായി കയറിയെന്നും അവിടെ നിന്നും ഓടിരക്ഷപ്പെടുന്നതിന് പിന്നാലെയാണ് സമീപത്തെ വീട്ട് മുറ്റത്ത് മരിച്ചനിലയില്‍ കണ്ടതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മരണത്തിവല്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചെമ്മണ്ണാറിലെ രാജേന്ദ്രന്റെ വീട്ടില്‍ രാവിലെ നാല് മണിയോടെയാണ് ജോസഫ് മോഷണ ശ്രമം നടത്തിയെന്ന് പറയുന്നത്. മോഷണ ശ്രമത്തിനിടെ ഗൃഹനാഥനായ രാജേന്ദ്രന്‍ എഴുനേല്‍ക്കുകയും മോഷ്ടാവിനെ പിടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ജോസഫ് വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പോകുകയായിരുന്നു.

മോഷണ ശ്രമം നടന്നതിന് പിന്നാലെ രാവിലെ അഞ്ചരയോടെയാണ് മൃതദേഹം മറ്റൊരുവീടിന്റെ മുറ്റത്ത് കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപം വെട്ടുകത്തിയും ടോര്‍ച്ചും കുടയും ചെരുപ്പുകളും ഒരു കിലോ മാംസവും അടങ്ങിയ കവറും ഉണ്ടായിരുന്നു.