മോനെ കണ്ണുതുറക്കെടാ അമ്മയാ വിളിക്കുന്നത്, രഞ്ജിത്തിന്റെ വീട്ടിലരങ്ങേറിയത് വികാരനിർഭര നിമിഷമങ്ങൾ

വടക്കാഞ്ചേരി ബസപകടത്തിൽ മരണപ്പെട്ട രോഹിത് രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അരേങ്ങേറിയത് വികാര നിർഭരമായ രം​ഗങ്ങൾ. ദേശീയ ടീമിൽ ഇടംപിടിക്കാനുള്ള കഠിന പരിശ്രമത്തിനിടെയാണ് രോഹിത്തിനെ നഷ്ടമാകുന്നത്. തൃശൂർ നടത്തറ മൈനർ റോഡ് സ്വദേശി രോഹിത് രാജ് കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു.

രോഹിതിന്റെ ഭൗതിക ദേഹം വീട്ടിലെത്തിച്ചപ്പോൾ അമ്മ വാവിട്ടു കരഞ്ഞു. അലറിവിളിച്ചു കരഞ്ഞ അമ്മൂമ്മയെ ആശ്വസിപ്പിക്കാനും ചുറ്റുംനിന്നവർ ബുദ്ധിമുട്ടി. മകന്റെ ജേഴ്സിയുമായി മൃതദേഹത്തിനരുകിലെത്തി രോഹിത്തിന് അന്ത്യചുംബനം നൽകുന്ന ലളിതയുടെ രംഗങ്ങൾ ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

24-കാരനായ രോഹിത് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റേയും നൈപുണ്യ കോളേജിന്റേയും ബാസ്‌ക്കറ്റ് ബോൾ ടീമിൽ ഉൾപ്പെട്ടിരുന്നു. മാസങ്ങൾക്ക് മുമ്പാണ് രോഹിതിന് കോയമ്പത്തൂരിൽ ജോലി ലഭിച്ചത്. പൂജാ അവധിക്ക് ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു.

നാട്ടിലെ പ്രമുഖ ബാസ്കറ്റ്ബോൾ താരംകൂടിയായിരുന്നു രോഹിത്ത്. ബിരുദ പഠനത്തിനു ശേഷം കോയമ്പത്തൂരിൽ ബാസ്ക്കറ്റ്ബോൾ പഠനം തുടങ്ങി. കൂടാതെ ബിരുദാനന്തര ബിരുദ പഠനവും ജോലിയും. ദേശീയ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പായിരുന്നു രോഹിത്തിന്റെ സ്വപ്നം.

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.