ചിലപ്പോള്‍ ഇല്ലാത്ത ആത്മവിശ്വാസം കാണിക്കേണ്ടി വരും, കള്ളം പറഞ്ഞിട്ടുണ്ട്, റോഷന്‍ മാത്യു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് റോഷന്‍ മാത്യു. അടികപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് നാടക രംഗത്ത് സജീവമായിരുന്ന റോഷന്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് മമ്മൂട്ടി നായകനായ പുതിയ നിയമത്തിലെ വില്ലന്‍ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആനന്ദം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം റോഷന്‍ ഉറപ്പിച്ചു. കൂടെ, മൂത്തോന്‍, തൊട്ടപ്പന്‍, ആണും പെണ്ണും, കുരുതി തുടങ്ങിയ ചിത്രങ്ങളില്‍ റോഷന്‍ അമ്പരപ്പിച്ചു.

നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഇന്ന് കാണുന്ന നിലയില്‍ റോഷന്‍ എത്തിയത്. താന്‍ ഐഡന്റിറ്റി ക്രൈസിസ് നേരിട്ടിട്ടുണ്ടെന്നും നിലനില്‍പ്പിനായി കള്ളങ്ങള്‍ പറയേണ്ടി വന്നിട്ടുണ്ടെന്നും റോഷന്‍ പറയുന്നു. വണ്ടര്‍വാള്‍ മീഡിയയിലെ ഗായിക സിത്താര കൃഷ്ണകുമാര്‍ അവതാരികയായ പരിപാടിയിലായിരുന്നു റോഷന്റെ പ്രതികരണം.

എന്നെ ഇന്ന് കാണുന്നത് പോലെയാക്കിയത് ആക്ടിങ്ങ് വര്‍ഷോപ്പുകളാണ്. ഐഡന്റിറ്റി ക്രൈസിസിലൂടെ പോയ്ക്കൊണ്ടിരുന്ന ആളാണ് ഞാന്‍. ഇത് ഐഡന്റിറ്റി ക്രൈസിസ് ആണെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും ഉണ്ടായിരുന്നില്ല. നാടകം ചെയ്യുന്നതിന് മുന്‍പ് ഞാനെന്ന് പറയുന്ന ഒരാളേ ഇല്ല,’ റോഷന്‍ പറഞ്ഞു.

‘ചെന്നൈയിലെ ആദ്യത്തെ രണ്ട് മൂന്ന് കൊല്ലം കള്ളങ്ങളായിരുന്നു അടിസ്ഥാനം എന്ന് പറയുന്നത്. ശരിക്കും ഞാന്‍ ആരാണ് എന്നുള്ളത് ഹൈഡ് ചെയ്തുകൊണ്ടായിരുന്നു പോയിക്കൊണ്ടിരുന്നത്. നിലനില്‍പ്പിനുള്ള തന്ത്രങ്ങള്‍ തന്നെയായിരുന്നു അത്. ചിലപ്പോള്‍ ഇല്ലാത്ത ആത്മവിശ്വാസം കാണിക്കേണ്ടി വരും. എനിക്കിത് വേണം, വിട്ടുകൊടുക്കാനാവില്ല, അതിനുവേണ്ടി ഞാന്‍ വേണമെങ്കില്‍ ഞാന്‍ നാല് കള്ളങ്ങള്‍ പറയും.