പൂവൻകോഴി കൊത്തി; കുട്ടിക്ക് പരിക്ക്; ഉടമയ്‌ക്കെതിരെ കേസെടുത്തു

എറണാകുളം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ പൂവൻ കോഴി കൊത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. മുട്ടാർകടവ് സ്വദേശി ജലീലിനെതിരെയാണ് പോലീസ് കേസ് എടുത്തത്. കുട്ടിയുടെ മുത്തച്ഛന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. എറണാകുളം മഞ്ഞുമ്മലിൽ ഈ മാസം 18 നായിരുന്നു കുട്ടിയെ കോഴി ആക്രമിച്ചത്. മുത്തച്ഛനെയും മുത്തശ്ശിയെയും സന്ദർശിക്കാനായി എത്തിയതായിരുന്നു കുട്ടിയും കുടുംബവും

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു കുട്ടിയെ കോഴി കൊത്തിയത്. കണ്ണിന് താഴെയും, തലയിലുമാണ് കോഴി ഗുരുതരമായി കൊത്തിപ്പരിക്കേൽപ്പിച്ചത്. ഉടനെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം കുട്ടി ആശുപത്രിവിട്ടു.
വലിയവരെയുൾപ്പെടെ ജലീലിന്റെ കോഴി സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് പരാതിക്കാരൻ പറയുന്നു.

ഇതേ തുടർന്ന് കോഴിയെ കൂട്ടിൽ ഇട്ട് വളർത്താൻ നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഇത് അവഗണിച്ച് കോഴിയെ വീണ്ടും പുറത്തുവിടുകയായിരുന്നു. ഉടമയുടെ ഈ നടപടിയാണ് അപകടത്തിന് കാരണമായത്. ആശുപത്രി ചിലവും നഷ്ടപരിഹാരവും വേണമെന്നാണ് കുട്ടിയുടെ മുത്തച്ഛന്റെ ആവശ്യം. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.