റോയിയും ജോളിയും പ്രേമിച്ചു വിവാഹം കഴിച്ചവര്‍

ഇടുക്കിയിലെ ഒരു ഉള്‍പ്രദേശത്താണു ജോളി ജനിച്ചത്. സാമ്ബത്തിക നിലവാരം പിന്നിലായിരുന്നു . പഠനത്തില്‍ ശരാശരി മാത്രമായിരുന്ന ജോളി, അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം പാലായിലെ പാരലല്‍ കോളജിലാണ് തുടര്‍പഠനം നടത്തിയത്. 1993 ല്‍ തുടങ്ങിയ കൊമേഴ്സ് പഠനം 1996ല്‍ അവസാനിച്ചു. ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ താമരശേരി കൂടത്തായിയില്‍ പോയപ്പോഴായിരുന്നു ജോളി റോയിയെ ആദ്യമായി കാണുന്നത്.

ധനിക കുടുംബത്തിലെ അംഗമായിരുന്നു റോയി. മാതാപിതാക്കള്‍ അധ്യാപകര്‍, കുടുംബക്കാരെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍, കൂട്ടത്തില്‍ ഒരാള്‍ യുഎസില്‍. റോയിയുടെയും ജോളിയുടെയും പ്രണയവിവാഹമായിരുന്നുവെന്നാണു വിവരം. വലിയ വീടും കാറുകളും മറ്റ് ആഡംബരങ്ങളുമെല്ലാം ജോളിക്ക് പുതിയ അനുഭവമായിരുന്നു. പെട്ടെന്നൊരുനാള്‍ കുടുംബത്തിലെ മറ്റുള്ളവരുമായി ജോളി സ്വയം താരതമ്യം ചെയ്യാന്‍ തുടങ്ങി. അതോടെ താന്‍ ജനിച്ചു വളര്‍ന്ന കുടുംബപശ്ചാത്തലത്തോട് അസ്വസ്ഥത തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. ഈ അപകര്‍ഷതാബോധം മറികടക്കാനാണ് ജോളി കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപികയാണെന്നു സ്വയം പ്രഖ്യാപിച്ചത്. രാവിലെ കാറില്‍ സ്വയം ഡ്രൈവ് ചെയ്ത് എന്‍ഐടിയിലേക്കാണെന്ന മട്ടില്‍ യാത്ര ചെയ്യുന്നതില്‍ അവര്‍ ഏറെ ആനന്ദം കണ്ടെത്തുകയും ചെയ്തു.

റോയിയെ ഇല്ലാതാക്കാനുള്ള പ്രധാന കാരണം ലൈംഗിക വ്യതിചലനമാണെനന്ന് പഠന റിപ്പോര്‍ട് . ഒരാള്‍ക്കു കൈവരുന്ന അധികാരവും സ്വത്തുമെല്ലാം ലൈംഗിക താല്‍പര്യങ്ങളിലും മാറ്റം വരുത്താന്‍ പോന്നതാണ് (ലൈംഗിക വ്യതിചലനം അഥവാ സെക്ഷ്വല്‍ ഡീവിയന്‍സ് എന്നാണിതിനെ വിളിക്കുക. സമൂഹം അനുശാസിക്കുന്ന പരമ്ബരാഗത രീതികളില്‍നിന്നു വഴിമാറിയുള്ള ചിന്തയെന്നോ പ്രവൃത്തിയെന്നോ ആണ് ഈ വ്യതിചലനത്തെ സോഷ്യോളജിയില്‍ നിര്‍വചിക്കുന്നത്). ജോളിയും റോയിയും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നുവെന്നാണു അയല്‍വാസികള്‍ പറയുന്നത്. ടോം ജോസിന്റെ ബന്ധുവും റോയിയുടെ കസിനുമായ ഷാജുവായിരുന്നു ജോളിയുടെ മനസ്സില്‍. അതിനാല്‍ത്തന്നെ റോയിയുടെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തുന്നതില്‍ യാതൊരു പശ്ചാത്താപവുമുണ്ടായിരുന്നില്ല ജോളിക്ക്.

ജോളിക്കു പ്രേരണയായ ഘടകങ്ങളെപ്പറ്റി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുന്‍ ഡീനും പ്രഫസറുമായ ഡോ. വര്‍ഗീസ് വയലാമണ്ണില്‍ ദേവസ്യയാണ് പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്.