മൂന്ന് ആർഎസ്എസ് പ്രവർത്തകരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ (Subair Murder Case)മൂന്ന് ആർഎസ്എസ് പ്രവർത്തകരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ നേതാക്കളായ സുചിത്രൻ, ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്യൽ എന്നിവയിൽ ഉൾപ്പെട്ടതിനാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായിയവരുടെ എണ്ണം ഒമ്പതായി.

അതേസമയം, പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിത് വധക്കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റായ  ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവിൽ പോയ ഇയാളെ തൃശൂർ കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്.  കേസിൽ ഇനിയും പ്രതികൾ ഒളിവിലുണ്ട്. സഞ്ജിത് കേസിൽ ഒളിവിൽ പോയ എട്ട് പേരെയാണ് ഇനി പിടിയിലാകാനുണ്ട്.