Home kerala ആർ എസ് എസ് ഓരോ തരിമണ്ണിലേക്കും പടരും..,എല്ലാ പഞ്ചായത്തിലും ശാഖ,കേരളത്തിലെ ശാഖകൾ 8000 ആക്കും

ആർ എസ് എസ് ഓരോ തരിമണ്ണിലേക്കും പടരും..,എല്ലാ പഞ്ചായത്തിലും ശാഖ,കേരളത്തിലെ ശാഖകൾ 8000 ആക്കും

കൊച്ചി . ഭാരതം ഹിന്ദു രാഷ്ട്രമാണ്. അങ്ങനെതന്നെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത് എന്ന് വെളിപ്പെടുത്തി ആര്‍എസ്എസ്. ആർ എസ് എസ് നടത്തിയ അസാധാരണമായ വാർത്താ സമ്മേളനത്തിൽ ആർഎസ്എസ് പ്രാന്ത കാര്യവാഹ് പിഎൻ ഈശ്വരൻ അമ്പരപ്പിക്കുന്ന പല പ്രഖ്യാപനങ്ങളും നടത്തി. അത് എല്ലാവരും അറിഞ്ഞിരിക്കണം. പ്രധാനമായി ഓരോ പഞ്ചായത്തിലും ഇനി ശാഖകൾ തുടങ്ങും. കേരളത്തിലെ ശാഖകളുടെ എണ്ണം 8000 ആയി വർദ്ധിപ്പിക്കും, ഹിന്ദു രാഷ്ട്രം എന്ന സങ്കൽപ്പം മാത്രമാണ്‌ ലക്ഷ്യം. ഇന്ത്യ അന്നും ഇന്നും എന്നും ഹിന്ദു രാഷ്ട്രം ആയിരുന്നു. അത് നമ്മുടെ ദേശ സുരക്ഷക്കും ഐക്യത്തിനും സർവ്വ മതങ്ങൾക്കും സമാധാനത്തിൽ ഇന്ത്യയിൽ ഒന്നായി പോകാനും കൂടിയേ തീരൂ.

കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിഎൻ ഈശ്വരൻ. കൊച്ചിയിൽ ആർ എസ് എസിന്റെ വരും കാല പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊ ണ്ടുള്ള സുപ്രധാന വാർത്താ സമ്മേളനത്തിലാണ്‌ നിർണ്ണായകമായ വിശദീകരണങ്ങൾ ഉണ്ടായത്. കേരളത്തിലെ ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി നിലവിലെ ആശയ വിനിമയം ഇനിയും തുടരും. സഭകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നിട്ടില്ല. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ വിഷയം അപ്പോള്‍ പരിഗണിക്കും. എന്നാല്‍ രാഷ്ട്ര വിരുദ്ധരോട് അനുകൂല സമീപനങ്ങള്‍ ഉണ്ടാകില്ല.

ജമാ അത്തെ ഇസ്ലാമിയുമായി സംഘടനാപരമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കുമെന്ന് ആർ എസ് എസ് നേതാക്കൾ പറഞ്ഞു. ഇതനുസരിച്ച് കേരളത്തിലും എല്ലാ പഞ്ചായത്തിലും ആർ എസ് എസ് ശാഖകളും മിലനും തുടങ്ങും. നിലവില്‍ രാജ്യത്ത് 42,613 സ്ഥാനുകളിലായി 68,631 ശാഖകളുണ്ട്. ഇത് ഒരു ലക്ഷത്തിലധികമാക്കി മാറ്റും.

2020നെ അപേക്ഷിച്ച് 3,700 സ്ഥാനുകളും 6,160 ശാഖകളും വര്‍ധിച്ചു. ആഴ്ചയിലൊരിക്കല്‍ ചേരുന്ന മിലന്‍ പ്രവര്‍ത്തനം 6,540 വര്‍ധിച്ച് 26,877 ആയി. മാസത്തില്‍ ഒരിക്കല്‍ കൂടുന്ന സംഘമണ്ഡലികളും 1,680 കൂടി 10,412 ആയി. എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനം എത്തുക എന്നതാണ് ശതാബ്ദിയില്‍ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം. കേരളത്തില്‍ ഇപ്പോള്‍ 5,359 സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളില്‍ പ്രവര്‍ത്തനമെത്തണമെന്നതാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പ്രവർത്തകരെ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പരിശീലനവർഗുകൾ സംഘടിപ്പിക്കും.

രാഷ്ട്രപുനരുത്ഥാനത്തിന് തയാറെടുക്കണം എന്ന വലിയ സന്ദേശമാണ്‌ ജനങ്ങൾക്ക് ആർ എസ് എസ് നല്കുന്നത്. എല്ലാ വിഭാഗത്തിൽ പെട്ടവരും രാഷ്ട്ര സേവകരായി മാറുകയും രാജ്യത്തിനായി അണി നിരക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തോട് അനുബന്ധിച്ച് നടത്തിയ അമൃത മഹോത്സവ പരിപാടികള്‍ പ്രതിനിധി സഭ വിലയിരുത്തി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടെങ്കിലും ദേശീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വത്വത്തിന്റെ ആവിഷ്‌കാരം പൂര്‍ണമായിട്ടില്ല.

ദേശവിരുദ്ധ ചിന്താഗതികളുടെ പ്രഭാവം ഇപ്പോഴും പ്രകടമാണ് എന്നും ആർ എസ് എസ് നേതാക്കൾ പറഞ്ഞു. കൊച്ചിയിൽ നടന്നത് ആർ എസ് എസിന്റെ അസാധാരണമായ വാർത്താ സമ്മേളനം ആയിരുന്നു. സാധാരണ ഗതിയിൽ ആർ എസ് എസ് ഇത്തരത്തിൽ വലിയ നയ പ്രഖ്യാപനങ്ങൾ നടത്താറില്ല. മുസ്ളീം, ക്രിസ്ത്യൻ മതങ്ങളേ പറ്റി ആർ എസ് എസ് അവരുടെ നിലപാടും തുറന്ന് പറയുകയായിരുന്നു. പൗരന്മാരുടെ കാഴ്ചപ്പാടില്‍ ഇനിയും വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ഭാരതീയർ എന്ന് പറയുമ്പോൾ തന്നെ ഹൈന്ദവ സംസ്കാരവും മറ്റും ആണ്‌ ഭാരതം. ഏത് വിഭാഗക്കാർ ആണേലും അവർ ആത്മീയവും സാംസ്‌ക്കാരികവുമായ അസ്തിത്വം തിരിച്ചറിയുക എന്നത് പ്രധാനമാണ്.

പരിസ്ഥിതി സംരക്ഷണം, ഗ്രാമവികാസം, കുടുംബ പ്രബോധനം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ അനുഭവസമ്പന്നരായ പ്രവർത്തകരെ നിയോഗിച്ച് പ്രവർത്തനം ശക്തമാക്കും. ഗ്രാമങ്ങളുടെ സ്വാവലംബനം, സംരഭകത്വ പരിശീലനം, സ്വദേശി എന്നീ മേഖലകളിൽ സ്ഥായിയായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സമൂഹത്തിൽ വ്യാപിച്ച ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണത്തിനു കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. ദേശീയ വിചാരത്തിന് കൂടുതൽ പ്രചാരം ലഭിക്കാനുള്ള ആശയ പ്രചാരണത്തിന് വിവിധ സംഘടനകൾ നേതൃത്വം നൽകുമെന്നും നേതാക്കൾ വിശദീകരിച്ചു.

ഭാരതം ഹിന്ദു രാഷ്ട്രം ആയിരുന്നു എന്നും ഇനിയും അങ്ങിനെ തന്നെ നിലനിർത്തും എന്ന് ആർ എസ് എസ് പ്രഖ്യാപിക്കുമ്പോൾ തന്നെ ക്രിസ്ത്യൻ മുസ്ളീം മതങ്ങളേ അംഗീകരിക്കുന്നു എന്നും അവരുമായി സൗഹാർദ്ദം ആഗ്രഹിക്കുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. ഭാരതീയ ദർശനങ്ങൾ എല്ലാവരും മനസിലാക്കണം. എല്ലാ വിഭാഗത്തിൽ പെട്ടവരും രാഷ്ട്ര സേവകരായി മാറുകയും രാജ്യത്തിനായി അണി നിരക്കുകയും വേണമെന്ന് ആർ എസ് എസ് പ്രഖ്യാപിക്കുമ്പോൾ എല്ലാ മതങ്ങളും ഭാരതീയമായ ദർശനം മുറെകെ പിടിക്കണം ഒന്നിച്ച് നിൽക്കണം എന്നതാണ്‌ ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തം.

പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളേ നോക്കുക. ബ്രിട്ടനും, അമേരിക്കയും, ഓസ്ട്രേലിയ, കാനഡ , ഫ്രാൻസ് എല്ലായിടത്തും എല്ലാ മതവും മതേതര ഭരണഘടനയും ജനാധിപത്യവും ഉണ്ട്. എന്നാൽ അവിടെ ആ രാജ്യങ്ങളുടെ പുരാതനമായ പൈതൃകവും ഭാഷാ വേഷ, ചിന്താ സംസ്കാരവും അവർ കാത്ത് സംരക്ഷിക്കുകയും എല്ലാ മതക്കാരും പിന്തുടരുകയും ചെയ്യുന്നു. അവിടെ അതാത് രാജ്യത്തിന്റെ പാരമ്പര്യം എല്ലാ മതക്കാരും ആസ്വദിച്ച് ജീവിക്കുകയാണ്‌. എന്തുകൊണ്ട് വിവിധ മതത്തിൽ പെട്ട ഭാരതീയർക്കും നമ്മുടെ ഭാരതീയ സംസ്കാരത്തിൽ നിന്നും, സനാതന ധർമ്മങ്ങൾ ഉൾക്കൊണ്ടും പ്രവർത്തിച്ചു കൂടാ. മതം ഏതായാലും രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും എല്ലാ മതക്കാരും ഉയർത്തി പിടിക്കണം എന്നത് ആർ എസ് എസ് മുന്നോട്ട് വയ്ക്കുകയാണ്‌.