ഒറ്റഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് റഷ്യയുടെ അനുമതി

മോസ്‌കോ; കൊവിഡ് പ്രതിരോധത്തിനുള്ള ഒറ്റഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് റഷ്യ അനുമതി നല്‍കി. നേരത്തെയുള്ള റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് V യുടെ വകഭേദമാണിത്. രണ്ട് ഡോസ് നല്‍കുന്ന സ്പുട്നിക് Vക്ക് 91.6 ശതമാനം ഫലപ്രാപ്തിയുള്ള ഒറ്റഡോസ് സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനമാണ് ഫലപ്രാപ്തി റഷ്യയില്‍ വാക്സിന്‍ വികസിപ്പിക്കലിന് സാമ്ബത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്സിനേഷനില്‍ സ്പുട്നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റേയും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.