ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധന, ദേവസ്വം ബോര്‍ഡ് പ്രതീക്ഷയില്‍

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയില്‍ ആദ്യദിവസം തന്നെ വരുമാനത്തില്‍ വന്‍ വര്‍ധന. നട തുറന്ന ആദ്യ ദിവസമായ വൃശ്ചികം ഒന്നിന് 3 കോടി 32 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച്‌ ആദ്യദിനത്തില്‍ ഒരു കോടി 28 ലക്ഷം രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടവരവ്, അപ്പം, അരവണ, കടകളിലെ വരുമാനം എന്നിവയിലെല്ലാം വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന്് ഉടലെടുത്ത സംഘര്‍ഷത്തില്‍ കഴിഞ്ഞവര്‍ഷം വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഏകദേശം 100 കോടിയോളം രൂപയുടെ നഷടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ വരെ വരുമാനത്തിലുണ്ടായ ഇടിവ് ബാധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമലയെ ആശ്രയിച്ചുകഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുളള ആയിരത്തോളം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശ്വാസം നല്‍കുന്ന വരുമാനകണക്കുകള്‍ പുറത്തുവന്നത്.

നട തുറന്ന ആദ്യദിവസത്തെ വരുമാനം 2017ലേതിനേക്കാളും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ വന്‍ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.