സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; സുരക്ഷ ശക്തമാക്കി പോലീസ്; ശയനപ്രദക്ഷിണം നടത്തുന്നതിന് പ്രത്യേക ക്രമീകരണം

ശബരിമലയിൽ വൻ ഭക്തജന തിരക്ക്.ഇന്നലെയും ഇന്നുമായി ലക്ഷങ്ങളാണ് അയ്യപ്പനെ കണ്ട് തൊഴാൻ സന്നിധാനാത്തെത്തിയത്.ഇന്ന് രാവിലെ ഭക്തരുടെ നീണ്ട നിര തന്നെയായിരുന്നു. ചില ഘട്ടങ്ങളിൽ തിരക്ക് നടപ്പന്തലും പിന്നിട്ട് ശരംകുത്തി വരെ എത്തിയിരുന്നു. ഭക്തജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് നന്നെ പാട് പ്പെട്ടു.അയ്യപ്പന്മാരെ നിയന്ത്രിച്ചാണ് പമ്പയിൽ നിന്നും കടത്തിവിടുന്നത്. മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തർ പടിനെട്ടാം പടി ചവിട്ടി ദർശനം നടത്തുന്നത്.ഇന്നലെ സന്നിധാനത്ത് കനത്ത മഴ പെയ്തെങ്കിലും ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരുന്നു.ഇത് മലക്കയറ്റത്തിന് ആശ്വാസമായി. തിരക്ക് കണക്കിലെടുത്ത് ശബരിമലയിലും പമ്പയിലും സുരക്ഷ ശക്തമാക്കി.ഭക്തജനങ്ങൾക്ക് സുഗമമായ ദർശനത്തിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി തന്ത്രി കണ്ഠര് മഹേഷ് മോഹനാർ കർമ്മ ന്യൂസിനോട് പറഞ്ഞു.

കൂടാതെ ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്തുന്നതിന് പുതിയ സമയക്രമീകരണം. രാത്രി നടയടച്ച ശേഷം മാത്രമാകും ഇനി മുതല്‍ ശയനപ്രദക്ഷിണം നടത്താന്‍ അനുവാദമുള്ളു. തീർഥാടകത്തിരക്കിൽ ശയനപ്രദക്ഷിണം ബുദ്ധിമുട്ടായതിനാലാണ് പുതിയ ക്രമീകരണം. ദിവസവും രാത്രി 11ന് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം തിരുമുറ്റം കഴുകി വൃത്തിയാക്കും. അതിനുശേഷം ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്താം.ഭഗവാന് മുൻപിലുള്ള ഭക്തന്‍റെ ആത്മസമര്‍പ്പണമായാണ് ശയനപ്രദക്ഷിണം നടത്തുന്നത്. ഭസ്മക്കുളത്തിൽ മുങ്ങി ഈറനോടെ കൊടിമരച്ചുവട്ടിലെത്തി നമസ്കരിച്ചാണ് പ്രദക്ഷിണ വഴിയിലൂടെ ഉരുളാൻ തുടങി കൊടിമരച്ചുവട്ടില്‍ അവസാനിക്കും. തിരക്കുള്ള പ്പോൾ ശയനപ്രദക്ഷിണം മറ്റു തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാലാണ് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

തീർഥാടനകാലത്തെ തിരക്ക് പരിഗണിച്ച് സഹസ്രകലശ വഴിപാട് ഒഴിവാക്കി. കളഭാഭിഷേകം, പുഷ്പാഭിഷേകം,അഷ്ടാഭിഷേകം എന്നി ചടങ്ങുകള്‍ മാത്രമേ മകരവിളക്ക് കഴിയും വരെ ഉണ്ടാകു. സഹസ്ര കലശത്തിനു രണ്ടു ദിവസമായിട്ടാണു പൂജ. രണ്ടാം ദിവസം ഉച്ചയ്ക്കാണ് അഭിഷേകം. കലശം പൂജാ സ്ഥലത്തുനിന്നു ശ്രീകോവി ലിലേക്കു കൊണ്ടുപോകുന്നതു മുറിച്ചു കടക്കാൻ പാടില്ല. ഇതിനാലാണ് ഒഴിവാക്കിയത്.
അതേസമയം, 108 നെയ്ത്തേങ്ങകൾ നിറച്ച ഇരുമുടിക്കെട്ടുമായി ശബരിമല കയറി പതിനെട്ടാം പടികയറി അയ്യപ്പ ദർശനം നടത്തിയ നീണ്ടൂർ സ്വദേശി സോമൻ ആചാരി സന്നിധാനത്തെ വേറിട്ട കാഴ്ചയായി. അർബുദ രോഗിയാണ് സോമൻ ആചാരി. രോഗശമനത്തിനായി അയ്യപ്പ സ്വാമിയോടുള്ള പ്രാർഥനയുമായാണ് ഇത്തവണ 108 നാളികേരം നിറച്ച ഇരുമുടിയേന്തിയത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ ആയതിനാൽ കഴിഞ്ഞ വർഷം ദർശനം നടത്താൻ കഴിഞ്ഞില്ല. ഇരുമുടിക്കെട്ടിൽ മൂന്നും നാലും നെയ്ത്തേങ്ങയുമായി എത്തുന്നവരുണ്ട്.

എന്നാൽ ഇത്രയേറെ നെയ്ത്തേങ്ങ കൊണ്ടുവരുന്ന തീർഥാടകർ അപൂർവമാണ്. സാധാരണ അഭിഷേക സാധനങ്ങൾ ഇരുമുടിയുടെ മുൻകെട്ടിലാണ് ഇടാറുള്ളത്. മുന്നിലും പിന്നിലും ഒരുപോലെ ഭാരം ക്രമീകരിക്കാൻ രണ്ടു വശത്തും നെയ്ത്തേങ്ങ നിറയ്ക്കും. ഭാരമേറിയ ഇരുമുടി ശിരസ്സിലേറ്റിയാണ് സോമൻ ആചാരി മല കയറിയത്. കെട്ട് താഴെ വീഴാതെ നോക്കാൻ സഹായികളും ഉണ്ടായിരുന്നു. പതിനെട്ടാംപടി കയറി ദർശനത്തിനു ശേഷം നെയ്ത്തേങ്ങ തോണിയിൽ പൊട്ടിച്ച് ഒഴിച്ച് സോമൻ ആചാരിയും സംഘവും മലയിറങ്ങി.