Home kerala അയ്യനെ കണ്ടു , പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

അയ്യനെ കണ്ടു , പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

അയ്യനെ കാണാൻ മലകയറിയെത്തിയ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. അയ്യനെ കണ്ട ദര്‍ശനപുണ്യവുമായി ഭക്തജനലക്ഷങ്ങള്‍. കറുപ്പില്‍ മുങ്ങിയ ശബരിമലക്കാടുകള്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. വൈകിട്ട് ആറരയോടു കൂടി ശ്രീകോവിൽ നടതുറന്നു. തുടർന്ന് പൊന്നമ്പലമേട്ടിൽ ഭക്തജനലക്ഷങ്ങൾ ശരണംവിളികളോടെ മൂന്ന് തവണ മകരവിളക്ക് ദർശിച്ചു.

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. വൈകിട്ട് ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.

മകരവിളക്ക് ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പൻമാരുടെ വൻസംഘമാണ് തമ്പടിച്ചിരുന്നത്. സുരക്ഷയ്ക്കും ദർശനത്തിനും മുൻഗണന നൽകിയുള്ള പ്രവർത്തനം അധികൃതർ നേരത്തെ തന്നെ നടത്തിയിരുന്നു. സന്നിധാനത്തിന് പുറമെ പമ്പ ഹിൽട്ടോപ് അടക്കം പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട്, പടിഞ്ഞാറേ കോളനി തുടങ്ങിയ വ്യൂ പോയിന്റുകളായിരുന്നു ഒരുക്കിയിരുന്നത്. കനത്ത സുരക്ഷയാണ് എല്ലാ വ്യൂ പോയിന്റുകളിലും ഒരുക്കിയിരിക്കുന്നത്.

തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെയും മകരസംക്രമസന്ധ്യയിൽ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയെയും ദർശിക്കാൻ ഭക്തലക്ഷങ്ങൾ ആണ് ശബരിമലയിൽ ശരണഘോഷങ്ങളുമായി എത്തിയത് . ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെതി . തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ആയിരുന്നു ദീപാരാധന . പിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞത്.

മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമായിരുന്നു ഇതിനായി ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തന്നെ തുടരുക ആയിരുന്നു . ഒന്നര ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദർശിക്കാനായി പത്ത് വ്യൂ പോയിന്റുകളുണ്ട്.

മകരവിളക്ക് ദിനമായ ഇന്ന് പുലർച്ചെ രണ്ടിനാണ് നട തുറന്നത്. 2.46ന് മകരസംക്രമ പൂജ നടന്നു. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ്‌‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തി. ഇനി വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും.

ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയുടെ പുണ്യ ദർശനം.

രാത്രി മണിമണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും. 18 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്ര‌യി‌ലാക്കും. തുടർന്ന് ശ്രീ കോവിൽ നടയടയ്‌ക്കും.