ശബരിമല ആചാരം ലംഘനം… കേരളത്തിൽ ജൂൺ 12ന് പ്രാർത്ഥനാ ദിനം ആചരിക്കും

തിരുവനന്തപുരം : ശബരിമല ആചാര ലംഘനത്തിനെതിരെ കേരളത്തിൽ ജൂൺ 12ന് പ്രാർത്ഥനാ ദിനം ആചരിക്കും.ശബരിമല പ്രതിഷ്ഠാദിനം പ്രമാണിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ പ്രാർത്ഥനാദിനമായി ആചരിക്കുന്നത്.

നാളെ പകൽ സമയങ്ങളിൽ ബസ്സ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, കമ്പോളങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൊണ്ട് ശബരിമലവിഷയം പ്രതിപാദിക്കുന്ന ലഘുലേഖകൾ കർമ്മസമിതി പ്രവർത്തകർ വ്യാപകമായി വിതരണം ചെയ്യും. വൈകുന്നേരം കേരളത്തിലെ ഇരുന്നൂറോളം പ്രധാന ക്ഷേത്രങ്ങളിൽ കർമ്മസമിതി പ്രവർത്തകരും ഭക്തജനങ്ങളും ഒരുമിച്ച് ചേർന്നുകൊണ്ട് പ്രാർത്ഥനായജ്ഞം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ശബരിമലയിൽ ആചാരലംഘനത്തിന് വേണ്ടി നടത്തിയ ഹീനവും ക്രൂരവും നിന്ദ്യവുമായ നടപടികളെ തുറന്നു കാട്ടുന്നതിനാണ് ഈ നീക്കം. ഒപ്പം സുപ്രീം കോടതി വിധി ശബരിമലയെ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും എങ്ങനെ ബാധിക്കുമെന്നും ഈ വിധി സമൂഹത്തിൽ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തുറന്നു കാട്ടുന്നതിനും പ്രശ്ന പരിഹാരത്തിനും വേണ്ട വിവരങ്ങൾക്കൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജനജാഗരണ പദ്ധതിയുടെ ആദ്യഘട്ടം നാളെ നടക്കുന്ന പ്രാർത്ഥനാ ദിനത്തോടു കൂടി സമാരംഭിക്കും.

ശബരിമല യുവതി പ്രവേശ വിഷയത്തിൽ ശബരിമല കർമ്മസമിതി എടുത്ത നിലപാട് ശരിവക്കുന്നതായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്ന വസ്തുത ഇനിയെങ്കിലും പിണറായി വിജയനും ഇടതുപക്ഷ സർക്കാരും മനസിലാക്കി പരിപാവനമായ ശബരിമലയെ കളങ്കപ്പെടുത്തുന്ന നടപടികളിൽ നിന്നും പിന്മാറണമെന്നും ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു.