ശബരിമലയിലെ പറ കൊട്ടിപ്പാട്ട്, തുകല്‍ വാദ്യത്തിന്റെ താളത്തില്‍ അയ്യപ്പനെ കേശാദി പാദം പുകഴ്ത്തുന്നു 

തുകല്‍ വാദ്യത്തിന്റെ താളത്തില്‍ അയ്യപ്പനെ കേശാദി പാദം പാടി പുകഴ്‌ത്തുന്ന പറ കൊട്ടി പാട്ട്. ശബരിമലയിലെ ആചാരങ്ങളില്‍ പ്രധാനമാണ് പറ കൊട്ടിപ്പാട്ട്. മണ്ഡല മകര വിളക്ക് തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ നിരവധി ഭക്തരാണ് മാളികപ്പുറത്ത് പറ കൊട്ടിപ്പാട്ട് വഴിപാടായി നടത്തുന്നത്.

ശത്രുദോഷം, നാവുദോഷം തുടങ്ങി എല്ലാ ദോഷങ്ങളും മാറ്റാനാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. വേലന്‍ സമുദായക്കാരായ പാട്ടുകാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടിലൂടെ ദശാബ്ദങ്ങളായി തുടിയും താളവും ഉയര്‍ത്തുന്നത്. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ഇവിടെ തീര്‍ത്ഥാടകരുടെ ദോഷപരിഹാരത്തിനായി നാവേറ് പാടിക്കൊട്ടുന്നവര്‍ വരെയുണ്ട്. കേശാദിപാദമെന്ന മന്ത്രമാണ് പാടുന്നത്. മുടിമുതല്‍ കാല്‍നഖം വരെയുള്ള മനുഷ്യന്റെ ശരീരഭാഗങ്ങളില്‍ ഉണ്ടായേക്കാവുന്ന ദോഷപരിഹാരത്തിനാണ് ഈ മന്ത്രം ചൊല്ലുന്നത്. ശബരിമലയില്‍ നടതുറക്കുമ്പോള്‍ മുതല്‍ എല്ലാ കാലത്തും ഇവരുണ്ടാകും. തീര്‍ത്ഥാടകര്‍ നല്‍കുന്ന തുകയാണ് വരുമാനമാര്‍ഗം. തടിയില്‍ ഉണ്ടാക്കി പറയില്‍ തോല്‍ചുറ്റിയുണ്ടാക്കുന്ന വാദ്യോപകരണത്തിലാണ് അയ്യപ്പന്റെ കേശാദിപാദവര്‍ണന പാടി കൊട്ടിപ്പാടുന്നത്. പരമ്പരാഗതമായി കൈമാറിവരുന്നതാണ് ഈ വാദ്യോപകരണം.

ഹിന്ദു വേലന്‍ സമുദായത്തില്‍പ്പെട്ടവരാണ് പറകൊട്ടിപ്പാടുന്നത്. പന്തളത്ത് മണികണ്ഠന്‍ വസിച്ചിരുന്ന സമയത്ത് രാജ്ഞിയും മന്ത്രിയും അയ്യപ്പനെ ഒഴിവാക്കുന്നതിനായി ആഭിചാര കര്‍മങ്ങള്‍ നടത്തിയെന്നും മണികണ്ഠനെ രക്ഷിക്കുന്നതിനായി പിതാവായ ശിവന്‍ വേലന്റെ വേഷത്തിലെത്തി പറകൊട്ടിപ്പാടി ശത്രുദോഷം അകറ്റിയെന്നുമാണ് ഐതിഹ്യം. ശബരിമലയില്‍ തീപിടുത്തംപോലുള്ള അനിഷ്ട സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ദേവപ്രശ്‌നം വയ്‌ക്കുകയുണ്ടായി. ഭക്തരുടെ അശുദ്ധിയാണ് ദോഷങ്ങള്‍ക്ക് കാരണമെന്നും വേലന്മാരെ കൊണ്ടുവന്ന് പറകൊട്ടിപ്പാടിച്ച് ദോഷങ്ങള്‍ മാറ്റിയശേഷം മാത്രമെ ഭക്തര്‍ പതിനെട്ടാംപടി ചവിട്ടാവൂ എന്നും ദേവവിധിയുണ്ടായി. ആദ്യകാലത്ത് പതിനെട്ടാംപടിക്ക് താഴെയായിരുന്നു പറകൊട്ടിപ്പാടിയിരുന്നതെന്ന് പറയപ്പെടുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥമാണ് ഇന്ന് കാണുന്ന മണിമണ്ഡപത്തിന് സമീപത്തേക്ക് ഇവര്‍ മാറിയത്. പതിനാലോളം വേലന്മാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാടുന്നത്.

തുകല്‍ വാദ്യത്തിന്റെ താളത്തില്‍ അയ്യപ്പനെ കേശാദി പാദം പാടി പുകഴ്‌ത്തുന്നതാണ് പറകൊട്ടി പാട്ടിലെ ഈരടികള്‍. അയ്യപ്പന് പന്തളം കൊട്ടാരത്തിലെ ശത്രുദോഷം ഒഴിവാക്കാന്‍ വേലന്‍ വേഷത്തിലെത്തിയ ശിവപാര്‍വതിമാര്‍ പരിഹാരക്രിയയായി കേശാദി പാദം കഥ ചൊല്ലി പറ കൊട്ടിപ്പാടിയെന്നാണ് ഐതിഹ്യം. ശത്രുദോഷവും ശനിദോഷവും ഒഴിവാക്കാന്‍ പേരും നാളും പറഞ്ഞ് നിരവധി ഭക്തര്‍ പറ കൊട്ടി പാടിക്കുന്നതിന് പിന്നിലുള്ളതും ഈ വിശ്വാസമാണ്.പത്തനംതിട്ട ജില്ലയിലെ വേലന്‍ സമുദായത്തിലെ അംഗങ്ങളാണ് സന്നിധാനത്ത് പറ കൊട്ടി പാടുന്നത്. ആദ്യകാലത്ത് പതിനെട്ടാം പടിക്ക് താഴെയായിരുന്ന പറ കൊട്ടിപ്പാട്ട് പിന്നീട് തിരക്ക് വര്‍ധിച്ചതോടെ മാളികപുറത്തമ്മയുടെ സന്നിധിയിലേക്ക് മാറ്റുകയായിരുന്നു.

ശനിദോഷമകറ്റാന്‍ അയ്യപ്പന് നീലാഞ്ജനവും നീലപ്പട്ടും സമര്‍പ്പിക്കുന്നതിന് പുറമെയാണ് മാളികപ്പുറത്ത് പറ കൊട്ടി പാട്ട് നടത്തുന്നത്. ശത്രുദോഷത്തിന് പരിഹാരമെന്ന രീതിയിലാണ് പറ കൊട്ടിപ്പാട്ട് പാടുന്നത്.

ഈ കാണുന്നത് അയ്യപ്പന് തെങ്ങിൻ തായ് സമർപ്പിക്കുന്ന ദൃശ്യങ്ങളാണ് പതിനെട്ടു തവണ തുടര്‍ച്ചയായി മല ചവിട്ടി സന്നിധാനത്തെത്തുന്നവര്‍ അയ്യപ്പന് തെങ്ങിന്‍ തൈ സമര്‍പ്പിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആചാരങ്ങളിലൊന്നാണ്. 18 തവണ മല ചവിട്ടുന്നയാള്‍ പിന്നീട് ഗുരുസ്വാമിയാണ്. ഗുരുസ്വാമിയായ തീര്‍ഥാടകന്‍ സന്നിധാനത്തു തെങ്ങിന്‍ തൈ നടണം.

സന്നിധാനത്തിനുപടിഞ്ഞാറുള്ള ഭസ്മക്കുളത്തിന് സമീപമാണ് തെങ്ങിന്‍ തൈ നടുന്നത്. പതിനെട്ടാം പടി കയറി അയ്യപ്പനെ ദര്‍ശിച്ച ശേഷമാണ് തെങ്ങിന്‍ തൈ നടുക. 36 വര്‍ഷം തുടര്‍ച്ചയായി മലകയറുന്ന അയ്യപ്പന്‍മാര്‍ വീണ്ടും ഒരു തെങ്ങിന്‍ തൈ കൂടി അയ്യപ്പനുസമര്‍പ്പിക്കാറുണ്ട്.കർപ്പൂരമുഴിഞ്ഞു പൂജിച്ച ശേഷമാണ് തൈ നടുക. കേരളത്തിൽ നിന്നുള്ള തീർഥാടകരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരും ഒരുപോലെ ഈ ആചാരം മുടങ്ങാതെ പാലിക്കുന്നുണ്ട്.