പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.. സന്നിധാനത്ത് കനത്ത സുരക്ഷ

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. ഇന്നും നാളെയും ദര്‍ശനത്തിന് സൗകര്യം ഉണ്ടാകും. നാളെ രാത്രി 10ന് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിക്കും. പിന്നീട് ഭക്തര്‍ക്കായി തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നടതുറക്കുന്ന ദിവസം പൂജകളൊന്നും ഉണ്ടാകില്ല.

തുടര്‍ന്ന് മിഥുന മാസ പൂജകള്‍ക്കായി ക്ഷേത്രനട വീണ്ടും 15 ന് വൈകുന്നേരം തുറക്കും. ഇത്തവണയും കനത്ത സുരക്ഷ ഒരുക്കാനാണ് തീരുമാനം. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 450 പൊലീസ് സേനാംഗങ്ങളെ ആണ് വിന്യസിക്കുക. മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. പിന്നീട് തുടര്‍ പൂജകളും. നടതുറന്നിരിക്കുന്ന അഞ്ച് ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും.