ഇവരൊക്കെ എന്തിനാണിപ്പോള്‍ നാട്ടിലേക്ക് വന്നതെന്ന് ചോദിച്ചവരുമുണ്ടാകും, എന്നാല്‍ തളരരുത്, ക്വാറന്റീന്‍ ജീവിതത്തെ കുറിച്ച് യുവതി പറയുന്നത്

ഇപ്പോൾ ഒരുപാട് പേർ മഹാമാരിക്ക് ഒടുവില്‍ പലരും സ്വന്തം നാടണഞ്ഞതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ്. എന്നാൽ സ്വന്തക്കാർ മാതൃ മണ്ണിൽ മടങ്ങി വരുമ്പോൾ വലിയ ഭയപ്പാടിലാണ്‌ ഗ്രാമങ്ങളും അവരുടെ അയൽ വാസികളും എന്തിനധികം ബന്ധുക്കൾ വരെ. പണ്ട് സന്തോഷത്തോടെ പ്രവാസികൾ വരുമ്പോൾ സമ്മാനത്തിനും ചോക്ളേറ്റ് വാങ്ങാനും ഒക്കെ ഓടി കൂടുന്ന കൂട്ടുകാരും നാട്ടുകാരും ഇന്ന് അവരുടെ വരവ് കാണുപൊൾ ശപിക്കുന്നു. ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു.

നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്ന നിരവധി പേരുണ്ട്. ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുന്ന ഒരു പ്രവണത ഉണ്ടാകുന്നുണ്ട്. എന്നാല്‍ ക്വാറന്റീനെ കുറിച്ച് ചിറ്റൂരിലെ വീട്ടില്‍ 12 ദിവസമായി നിരീക്ഷണത്തില്‍ കഴിയുന്ന സഗിത പറയുന്നത് ഏവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്.

‘നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ദൃഷ്ടി പതിഞ്ഞാല്‍ കോവിഡ് വരുമെന്നു കരുതി മുഖം ചുളിക്കുന്നവരുണ്ടാകും. ശുദ്ധവായു ശ്വസിക്കാന്‍ ഇടയ്‌ക്കൊന്ന് ജനല്‍ തുറയ്ക്കുന്നതും കഴുകിയ വസ്ത്രം വിരിക്കാന്‍ മുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലേക്ക് വരുന്നതും കുറ്റമായി കരുതുന്നവരുമുണ്ടാകും. ഇവരൊക്കെ എന്തിനാണിപ്പോള്‍ നാട്ടിലേക്ക് വന്നതെന്ന് ചോദിച്ചവരുമുണ്ടാകും… ഇതെല്ലാം അറിയുമ്പോള്‍ വിഷമം തോന്നും. പക്ഷേ, തളരരുത്. ഒരാള്‍ക്കുപോലും നമ്മളിലൂടെ രോഗം വരരുതെന്ന ജാഗ്രതയോടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോവുക’- സഗിത പറഞ്ഞു.

ഗര്‍ഭിണിയായ സഗിതഉള്‍പ്പെടെയുള്ളവര്‍ മെയ് ഒമ്പതിന് മസ്‌കറ്റില്‍ നിന്നുള്ള ആദ്യ ഫ്‌ലൈറ്റിലാണ് കൊച്ചിയില്‍ എത്തിയത്. ഒമാനിലുള്ള ഭര്‍ത്താവിന്റെ അരികിലേക്ക് സന്ദര്‍ശക വിസയില്‍ ഫെബ്രുവരി 21ന് പോയതായിരുന്നു സഗിത. തുടര്‍ന്ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫ്‌ലൈറ്റുകള്‍ കാന്‍സല്‍ ചെയ്തതോടെ എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നതോടെയാണ് വന്ദേഭാരത് മിഷന്‍ അനുഗ്രഹമായത്. തുടര്‍ന്ന് മസ്‌കറ്റില്‍ നിന്നുള്ള ആദ്യ ഫ്‌ലൈറ്റില്‍ സഗിത കൊച്ചിയിലെത്തി.

മസ്‌കറ്റില്‍ എത്തി ഒരുമാസം പിന്നിട്ടതോടെ ദിവസവും 100- 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കാന്‍ തുടങ്ങി. ഇതോടെ നാട്ടിലേക്ക് തിരിക്കാന്‍ സഗിത തീരുമാനിച്ചു. തുടര്‍ന്ന് നോര്‍ക്കയിലും ഇന്ത്യന്‍ എംബസിയിലും റജിസ്റ്റര്‍ ചെയ്തു. മെയ് ഏഴിന് നാട്ടിലേക്ക് തിരിക്കാം എന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെയാണ് മസ്‌കറ്റില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ സഗിത നാട്ടില്‍ എത്തുന്നത്. തനിക്കൊപ്പം യാത്ര ചെയ്യുന്നവരും ക്വാറന്റീനില്‍ കഴിയേണ്ടി വരുന്നതിനാല്‍ ചിറ്റൂരിലെ വീട്ടിലേക്ക് ഒറ്റക്കാണ് സഗിത തിരിച്ചത്. ഒറ്റക്കുള്ള യാത്രയില്‍ ഭയം തോന്നിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍, ‘പേടിക്കേണ്ട… നിങ്ങളുടെ എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈയിലുണ്ട്… ഒന്നും സംഭവിക്കില്ല’ എന്നു പറഞ്ഞത് സഗിതയ്ക്ക് ധൈര്യമായി.

വീട്ടിലെത്തിയതുമുതല്‍ ദിവസവും പൊലീസ് സ്റ്റേഷന്‍, ആരോഗ്യവകുപ്പ് എന്നിവിടങ്ങളില്‍നിന്ന് വിളിയെത്തുന്നുണ്ട്. പരിചയക്കാരിയോടെന്നപോലെ അവര്‍ സുഖവിവരങ്ങള്‍ അന്വേഷിക്കും. സൗഹൃദസംഭാഷണത്തിനൊപ്പം പാലിക്കേണ്ട നിര്‍ദേശങ്ങളും പറയും. – സഗിത പറയുന്നു. സഗിത തിരികെ എത്തിയതോടെ ഭര്‍ത്താവ് റോണിന്റെ പിതാവും മാതാവും നിരീക്ഷണത്തിലാണ്.