അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് വി​ടും; സ​ഞ്ജ​യ് നി​രു​പം

മുംബൈ : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ കുപിതനായി മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. സോണിയാഗാന്ധിക്ക് ഒപ്പമുള്ളവര്‍ മുന്‍വിധിയോടെ പെരുമാറുകയാണ്. ഇങ്ങനെ പോയാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും മുംബൈ മുന്‍ യൂണിറ്റ് ചീഫായിരുന്ന സഞ്ജയ് നിരുപം പറഞ്ഞു.

ഡല്‍ഹിയില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ വികാരം അറിയില്ല. ജനകീയരായ നേതാക്കളെ പ്രചാരണത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ജനങ്ങളുടെ അഭിപ്രായം തേടാനുള്ള ഒരു നടപടിയും ഹൈക്കമാന്‍ഡ് സ്വീകരിക്കുന്നില്ല.

വെര്‍സോവയില്‍ മല്‍സരിക്കണമെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തെ ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇതുവരെ സീറ്റ് നല്‍കിയിട്ടില്ല. ഇത് കാണിക്കുന്നത് രാഹുല്‍ഗാന്ധിക്കൊപ്പം നിന്നവരെ പൂര്‍ണമായും തഴയുന്നുവെന്നാണ്. നേതൃത്വ തലങ്ങളില്‍ ഇരിക്കുന്നവര്‍ പക്ഷപാത പരമായാണ് പെരുമാറുന്നത്. മറ്റുള്ളവരെ നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

സ്ഥാനാര്‍ത്ഥിത്വത്തില്‍ തനിക്ക് കടുത്ത അവഗണനയാണ് നേരിട്ടത്. കോണ്‍ഗ്രസ് വിടണമെന്ന് ഇതുവരെ താന്‍ ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ കാര്യങ്ങള്‍ ഇതുപോലെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍, കോണ്‍ഗ്രസില്‍ ദീര്‍ഘകാലം തുടരുന്ന കാര്യത്തില്‍ പുനരാലോചനയുണ്ടാകും. കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ ഇറങ്ങില്ലെന്നും സഞ്ജയ് നിരുപം അറിയിച്ചു.