ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണഘടന, ബ്രിട്ടീഷുകാര്‍ പറഞ്ഞത് പോലെ എഴുതിവെച്ചത്; ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാന്‍ saji cheriyan

ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും.  ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌.

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ്.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. കൂലി ചോദിച്ചാൽ നടു തല്ലിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഇവിടെ വളർന്നു വരുന്നത്. ഈ പണമെല്ലാം എവിടുന്നാണ്? പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്നു ലഭിച്ചിട്ടുള്ള മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് അവനെ ചൂഷണം ചെയ്യുന്നു. എട്ടു മണിക്കൂറിൽനിന്ന് ഇവർ പന്ത്രണ്ടും പതിനാലും ഇരുപതും മണിക്കൂർ ജോലി ചെയ്യുമ്പോൾ ഈ രാജ്യത്തിന്റെ ഭരണഘടന അവന് സംരക്ഷണം നൽകുന്നുണ്ടോ.’– സജി ചെറിയാൻ ചോദിച്ചു.

ട്രേഡ് യൂണിയനുകൾ സമരം ചെയ്താൽ അവർക്ക് ജനങ്ങളുടെ പിന്തുണ കിട്ടുന്നുണ്ടോ? നാട്ടിലുള്ള ഏതു പ്രശ്നത്തിനു കാരണക്കാർ തൊഴിലാളി സംഘങ്ങളാണെന്നാണ് ആക്ഷേപം. മാധ്യമങ്ങളോ ജുഡീഷ്യറിയോ അവർക്കൊപ്പം നിൽക്കുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.