ഡൽഹി പോലീസിന്റെ പിടിയിലായ സക്കീർ ഹുസൈൻ ഷെയ്‌ക്കിന് വിദേശത്ത് നിന്ന് നിർദേശങ്ങൾ ലഭിച്ചിരുന്നു; മഹാരാഷ്‌ട്ര എടിഎസ്

ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ സക്കീർ ഹുസൈൻ ഷെയ്‌ക്കിന് വിദേശത്ത് നിന്നും നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് കണ്ടെത്തൽ. വിദേശത്തുള്ള ഒരു ആന്റണിയുമായി സക്കീർ ബന്ധപ്പെട്ടിരുന്നതായി മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധസേന കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇയാൾ ഡൽഹി പോലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനിൽ അറസ്റ്റിലായത്. മുംബൈയിലെ സബർബൻ ജോഗേശ്വരിയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മഹാരാഷ്‌ട്രയിലും മറ്റും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഭീകരാക്രമണം നടത്താൻ ഇയാൾ ഗൂഡാലോചനയിട്ടാതായാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് മുംബൈയിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയകരമായ രീതിയിലുള്ള ചില രേഖകൾ കണ്ടെടുത്തിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹി പോലീസ് അറസ്റ്റുചെയ്ത ആറു തീവ്രവാദികളിൽ ഒരാളായ ജാൻ മുഹമ്മദ് ഷെയ്‌ക്കുമായി സക്കീറിന് ബന്ധമുണ്ടെന്ന് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന കോടതിയിൽ വ്യക്തമാക്കി.അതേസമയം സക്കീറിനെ മുംബൈ കോടതി 14 ദിവസത്തെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദിവസങ്ങൾക്ക് മുൻപ് ഡൽഹി പോലീസ് അറസ്റ്റു ചെയ്ത ആറുപേരിൽ ഒരാൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.ദാവൂദിന്റെ പാകിസ്താനിൽ നിന്നുള്ള സഹോദരന്റെ നിർദേശങ്ങൾ ഇയാൾ നടപ്പാക്കിയിരുന്നുവെന്നായിരുന്നു കണ്ടെത്തിയിരുന്നത്.അതിന് പിന്നാലെയാണ് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേനയുടെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ.