ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി, സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ഇതുവരെ സര്‍ക്കാരിനു കൈമാറിയില്ല, സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് ചെയര്‍മാന്‍

കഴിഞ്ഞ വര്‍ഷം പ്രളയദുരിതാശ്വാസത്തിലേക്ക് പിരിച്ച കോടികള്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയില്ല. പ്രളയ പുനര്‍നിര്‍മാണത്തിനായി കഴിഞ്ഞവര്‍ഷം കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിടിച്ചത് 136 കോടിരൂപയാണ്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നല്‍കിയില്ല.

ബാര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് തുക കൈമാറാത്തത്. ജല അതോറിറ്റിയില്‍ നിന്ന് കുടിശ്ശിക കിട്ടാത്തതും തടസ്സമായി. കടമെടുത്ത് തുക ഉടന്‍ തന്നെ കൈമാറും. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യൂണിയന്‍ നേതാക്കളുടെ യോഗം ചേരുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.

2019 മാര്‍ച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ബോര്‍ഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി വീതം ബോര്‍ഡ് സമാഹരിച്ചു . സാലറി ചാലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. അതായത്, 2018- ലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് ജീവനക്കാര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് നല്‍കിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല.

2018 സെപ്റ്റംബര്‍ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാര്‍ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നല്‍കിയത്. ഇടതു യൂണിയന്‍ അംഗങ്ങളില്‍ 99 ശതമാനവും ചാലഞ്ചില്‍ പങ്കാളികളായി. ഡാമുകള്‍ തുറന്നു വിടാന്‍ അവസാന നിമിഷം വരെ കാത്തിരുന്നൂവെന്ന ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത്, കെ.എസ്.ഇ. ബോര്‍ഡ് സ്വന്തം നിലയില്‍ നല്‍കിയ 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49.5 കോടി രൂപ 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് കൈമാറിയിട്ടുണ്ട്. അതിന് പുറമേയാണ് സാലറി ചാലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തില്‍ അധികം വീടുകള്‍ നിര്‍മിക്കുന്നതിന് ഉപകാരപ്പെടുന്ന തുകയാണ് കെ.എസ്.ഇ.ബി കൈമാറാതിരിക്കുന്നത്.