എന്റെ കാഴ്ചയിൽ എന്റെ മകൾക്കൊരു കുഴപ്പവുമില്ല, സഹതാപം ആവശ്യമില്ല- സലീം കോടത്തൂർ

മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ മകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കുറിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നും മാനിക്കാതെയാണ് സലീം മകളെ വളർത്തുന്നത്. ഇപ്പോളിതാ സലീമിന്റെയും മകളുടെയും അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ

ഹന്ന നടക്കില്ലെന്നൊക്കെയാണ് ചെറുപ്പത്തിൽ പറഞ്ഞിരുന്നത്. സർജറി ചെയ്താലും സാധ്യത കുറവാണെന്ന് പ്രശസ്തനായ ഡോക്ടർ പറഞ്ഞു. വളരെ സങ്കടപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു അവരുടേത്. അവരോടുള്ളൊരു വാശി കൂടി എന്റെ ജീവിതത്തിലുണ്ടായിരുന്നു. ഒരുപാട് സങ്കടത്തോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് ഡോക്ടർ പെരുമാറിയത്. ഇങ്ങനെയുള്ള കുട്ടികളെ കെയർ ചെയ്യുന്നതിൽ ഏറ്റവും നല്ല ഡോക്ടറാണെന്നൊക്കെയായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

എന്റെ കാഴ്ചയിൽ എന്റെ മകൾക്കൊരു കുഴപ്പവുമില്ല. കുറവുള്ള കുഞ്ഞായി ആളുകൾ അവളെ കാണുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. നമ്മളുടെ മനസ് സുന്ദരമായിക്കഴിഞ്ഞാൽ നമ്മുടെ കാഴ്ചയും സുന്ദരമാവുമെന്നായിരുന്നു ഞാൻ പറഞ്ഞത്. ഞാനില്ലാത്ത കാലം വന്നാലും മകൾക്ക് സഹതാപമില്ലാതെ സഞ്ചരിക്കാനുള്ളൊരു ഊർജം കിട്ടണമായിരുന്നു. അതിനായാണ് ഞാൻ പ്രയത്‌നിച്ചത്. ഇവളുടെ പിറന്നാൾ ദിനത്തിൽ ഞാനൊരു പോസ്റ്റിട്ടിരുന്നു. ഞങ്ങൾ അനുഭവിക്കുന്ന സന്തോഷമൊന്നും ആളുകൾക്ക് അറിയില്ലല്ലോ.

എന്നെങ്കിലും ഈ സഹതാപമൊക്കെ മാറുമെന്ന് അന്നേ കരുതിയിരുന്നു. ചില പരിപാടികൾക്കൊക്കെ പോയാൽ ഹന്നയെ എന്റെ കൈയ്യിൽ കിട്ടുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്. ആളുകൾക്ക് അത്രയും ഇഷ്ടമാണ് അവളോട്.