സാം എബ്രഹാം കൊലക്കേസ് ; പ്രതികള്‍ക്ക് കഠിന ശിക്ഷ വിധിച്ച് ഒസ്‌ട്രേലിയന്‍ സുപ്രീം കോടതി

മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു. ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍ 13നാണ് പുനലൂരുകാരന്‍ സാം എബ്രഹാം മെല്‍ബണില്‍ കൊല്ലപ്പെട്ടത്. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയത്.

കേസിൽ വാദം കേട്ട വിക്ടോറിയൻ സുപ്രീം കോടതി രാവിലെ പത്തേമുക്കാലോടെയാണ് വിധി പറഞ്ഞത്. മുക്കാൽ മണിക്കൂർ നീണ്ട വിധിപ്രസ്താവം കേൾക്കാൻ അരുൺ കമലാസനനും സോഫിയയും കോടതിയിലെത്തിയിരുന്നു. സോഫിയ ഇപ്പോഴും ചെയ്തുപോയതിൽ പശ്ചാത്തപിക്കുന്നതായി കരുതാൻ കഴിയില്ല” എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി 22 വർഷത്തെ തടവു വിധിച്ചത്. ഇതിനു സമാനമായ മറ്റൊരു കേസു പോലും തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കോഗ്ലാൻ വ്യക്തമാക്കി.

ഒമ്പതു വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷ കുറച്ചു നൽകണമെന്ന് സോഫിയ അഭ്യർത്ഥിച്ചിരുന്നു. മകൻ ഇപ്പോൾ സോഫിയയുടെ സഹോദരിക്കൊപ്പമാണ് എന്ന കാര്യം വിധിയിൽ പരാമർശിച്ച കോടതി, എന്നാൽ കൊലപാതകത്തിൽ സോഫിയയ്ക്ക് വ്യകത്മായ പങ്കുണ്ട് എന്ന പരാമർശത്തോടെയാണ് വിധി പറഞ്ഞത്.

സോഫിയയുടെ അറിവില്ലാതെ സാം കൊല്ലപ്പെടില്ലായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഏതു തരത്തിൽ നേരിട്ടുള്ള പങ്കാണ് സോഫിയയ്ക്ക് ഉള്ളത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു.

27 വർഷം ജയിൽശിക്ഷക്ക് വിധിച്ച അരുണിന്, 23 വർഷം കഴിയാതെ പരോൾ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. 22 വർഷം തടവു ലഭിച്ച സോഫിയക്ക് പരോൾ ലഭിക്കാൻ 18 വർഷം കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പോലീസ് ചോദിച്ചത്.

സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്. കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു. സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.

അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞു.

മൂന്നു വർഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം നടത്തിയ കൊലപാതകമായിരുന്നു ഇതെന്നും, അരുൺ കമലാസനനമായിരുന്നു അതിന്റെ ആസൂത്രകനെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

എങ്ങനെ പദ്ധതി തയ്യാറാക്കിയെന്നും കൊലപാതകം നടപ്പാക്കിയെന്നും വളരെ വ്യക്തമായി തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ പറയുന്നുണ്ട്. ഇക്കാര്യം വിധിപ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി.

തനിക്ക് കടുത്ത മാനസികപ്രശ്നങ്ങളുണ്ടെന്നും അതിനാൽ ശിക്ഷ ഇളവു ചെയ്യണമെന്നും നേരത്തേ അരുൺ വാദിച്ചിരുന്നു. എന്നാൽ മാനസികപ്രശ്നങ്ങളുണ്ട് എന്ന വാദം പൂർണമായും വിശ്വസിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. മാനസികപ്രശ്നങ്ങളുള്ളതിന് വ്യക്തമായ തെളിവില്ല.

അരുണിന് ശിക്ഷ കിട്ടുന്നത് കേരളത്തിലുള്ള ഭാര്യയും കുട്ടിയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുക. അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു എന്ന് ജഡ്ജി പറഞ്ഞു. എന്നാൽ അരുണിന്റെ തന്നെ നടപടികളാണ് അവരെ ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.