ഇന്ത്യയിലെ ജനപ്രിയ താരമായി സാമന്ത, ഓർമാക്‌സ് സ്‌റ്റാര്‍സ്‌ ഇന്ത്യ ലൗവ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത, ഇന്ത്യയിലെ ഏറ്റവും മികച്ച ജനപ്രിയ താരമായി. ബോളിവുഡ്‌ താരങ്ങളായ ആലിയ ഭട്ട്, ദീപിക പദുകോണ്‍, കത്രീന കെയ്‌ഫ്‌ എന്നിവരെ പിന്നിലാക്കിയാണ് സാമന്ത ജനപ്രിയ താരമായത്. ബോളിവുഡ്‌ താരങ്ങളെ മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താര, രശ്‌മിക മന്ദാന, അനുഷ്‌ക ഷെട്ടി തുടങ്ങിയവരെയും പിന്നിലാക്കി കൊണ്ടാണ് സാമന്ത ജനപ്രിയ താരമായത്.

ഒക്‌ടോബര്‍ 2022ലെ ഓർമാക്‌സ് സ്‌റ്റാര്‍സ്‌ ഇന്ത്യ ലൗവ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടിമാരുടെ പട്ടികയിലാണ് സാമന്ത ഒന്നാം സ്ഥാനത്തെത്തിയത്. പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സാമന്ത എല്ലായ്‌പ്പോഴും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട്. ‘ദി ഫാമിലി മാന്‍ 2’ എന്ന വെബ്‌ സീരീസില്‍ ശ്രീലങ്കന്‍ തമിഴ്‌ യുവതി രാജി എന്ന കഥാപാത്രത്തിലൂടെയാണ് സാമന്തയുടെ ജനപ്രീതി കുതിച്ചുയര്‍ന്നത്. ഈ വെബ്‌ സീരീസ് സാമന്തയ്‌ക്ക് വളരെയധികം നിരൂപക പ്രശംസയും ജനപ്രീതിയും സ്‌നേഹവും ഒക്കെ നേടിക്കൊടുക്കുകയായിരുന്നു. നിരവധി അംഗീകാരങ്ങളും ഈ വെബ്‌ സീരീസിലൂടെ താരത്തിനെ തേടി എത്തി.

തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ ‘പുഷ്‌പ ദി റൈസി’ലെ ഐറ്റം ഡാന്‍സ് നമ്പറും സാമന്തയെ കൂടുതല്‍ പ്രശസ്‌തയാക്കി. ഊ അന്തവായിലെ സാമന്തയുടെ പുതിയ ബോള്‍ഡ് ലുക്ക് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഗാനം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സാമന്തയ്‌ക്ക് നാനാ ഭാഗത്ത് നിന്നും പ്രശംസകള്‍ ഒഴുകയാണ്.

സാമന്തയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘യശോദ’. ഹരി ഹരീഷ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഒരു വാടക അമ്മയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അഴിമതി നിറഞ്ഞ മെഡിക്കല്‍ ലോകത്തെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ദൗത്യമാണ് ചിത്രത്തില്‍ സാമന്തക്ക് ലഭിച്ചിരിക്കുന്നത്. പോസിറ്റീവ് റിവ്യൂകള്‍ നേടിയ ചിത്രം ബോക്‌സോഫിസിലും മികച്ച സ്വീകാര്യത നേടി. 10 ദിവസം കൊണ്ട് 33 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.

ഓർമാക്‌സ് സ്‌റ്റാര്‍സ്‌ ഇന്ത്യ ലൗവ് പ്രസിദ്ധീകരിച്ച പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. ഈ പട്ടികയില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയാണ് മൂന്നാം സ്ഥാനത്ത്. ഷാരൂഖ്‌ ഖാന്‍ നായകനായെത്തുന്ന ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാ ണിപ്പോള്‍ താരം. അതേസമയം ഈ പട്ടികയില്‍ കാജല്‍ അഗര്‍വാള്‍ നാലാം സ്ഥാനത്തും ദീപിക പദുകോണ്‍ അഞ്ചാം സ്ഥാനത്തുമാണ്. രശ്‌മിക മന്ദാന ആണ് ഈ പട്ടികയില്‍ ആറാം സ്ഥാനത്ത്. അടുത്തിടെ ‘ഗുഡ്‌ബൈ’ എന്ന സിനിമയിലൂടെ താരവും ബോളിവുഡില്‍ അരങ്ങേറിയിരുന്നു.