‘സ്വവര്‍ഗ വിവാഹം’ ജനങ്ങളുടെ വിവേകത്തിന് വിടണം – നിയമ മന്ത്രി കിരണ്‍ റിജിജു

ന്യൂഡൽഹി. സ്വവര്‍ഗ വിവാഹ വിഷയം രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് വിടേണ്ട വിഷയമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ഡല്‍ഹിയില്‍ നടന്നു വരുന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2023 ല്‍ സംസാരിക്കുമ്പോഴാണ് കേന്ദ്ര നിയമ മന്ത്രിയുടെ ഈ പ്രതികരണം. ‘സ്വവര്‍ഗ വിവാഹ വിഷയം എന്നത് രാജ്യത്തിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന, രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് ഞാന്‍ വിടുന്നു’ എന്നാണ് കിരണ്‍ റിജിജു പറഞ്ഞത്. വിഷയം പാർലമെന്റ് തീരുമാനിക്കേണ്ടതാ ണെന്നാണ് കേന്ദ്ര നിയമമന്ത്രി പറഞ്ഞത്.

ഈ വിഷയം സുപ്രീം കോടതി തീരുമാനിക്കേണ്ട കാര്യമാണോ അതോ പാര്‍ലമെന്റിന് വിടണോ എന്ന ചോദ്യത്തിന് പാര്‍ലമെന്റാണെന്ന് തീരുമാനിക്കേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ‘പാര്‍ലമെന്റില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുളളവരും ഉണ്ട്. സുപ്രീം കോടതിക്ക് അതിന്റേതായ അധികാരമുണ്ട്. ഞങ്ങള്‍ അതിലേക്ക് അതിക്രമിച്ച് കടക്കാനാഗ്രഹിക്കുന്നില്ല. പക്ഷെ സ്വവര്‍ഗ വിവാഹത്തിന്റെ കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമം ഭരണഘടനാനുസൃതം അല്ലെങ്കില്‍, സുപ്രീം കോടതിക്ക് അത് മാറ്റാനുള്ള അധികാരം ഉണ്ട്. അല്ലെങ്കില്‍ മറ്റൊരു വിധി പുറപ്പെടുവിക്കുകയോ പാര്‍ലമെന്റിലേക്ക് തിരിച്ചയക്കുകയോ ചെയ്യാം’ നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

സുപ്രീം കോടതിക്ക് ആര്‍ട്ടിക്കിള്‍ 142 പ്രകാരം എന്തും പരിശോധിക്കാമെന്നും വിധി പുറപ്പെടുവിക്കാമെന്നും കിരണ്‍ റിജിജു പറയുകയുണ്ടായി. മാര്‍ച്ച് 13 ന്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, രാജ്യത്തെ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലെ അഞ്ചാംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ഏപ്രില്‍ 18-ന് കേസ് അന്തിമവാദത്തിനായി കോടതി ലിസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ഇതേ പാട്ടി പറഞ്ഞിരിക്കുന്നത്.