വീട്ടുപണിക്കും തൊഴിലുറപ്പിനും പോയി മകളെ പഠിപ്പിച്ചു, മെഡിക്കൽ പ്രവേശനപ്പരീക്ഷയിൽ മികച്ചനേട്ടം കൈവരിച്ച് സന

അമ്മ ശോഭയുടെ അധ്വാനത്തിന്റെ ഫലം മികച്ച വിജയത്തിലൂടെ തിരിച്ചു നൽകി സന. മെഡിക്കൽ പ്രവേശനപ്പരീക്ഷയിൽ മികച്ചനേട്ടം കൈവരിച്ച് നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മിടുക്കി. അയൽപക്കത്തെ വീടുകളിൽ വീട്ടുജോലിക്കു പോയും തൊഴിലുറപ്പ് പണിക്കുപോയുമാണ് ശോഭ മകളെ പഠിപ്പിച്ചത്.

പത്ത് വർഷം മുമ്പ് ഭർത്താവ് ശ്രീനിവാസൻ മരിച്ചതോടെയാണ് കുടുംബം പോറ്റാനായി കൂലിപ്പണിക്കിറങ്ങിയത്. ശ്രീനിവാസനും ശോഭനയ്ക്കും അഞ്ച് പെൺമക്കളായിരുന്നു. അതിൽ പഠിക്കാൻ മിടുക്കി സനയും. 2020-ലെ ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശനപ്പരീക്ഷയിൽ കേരള എസ്‌സി. കാറ്റഗറിയിൽ 30-ാം റാങ്ക് നേടിയ സന മെഡിക്കൽ കോളേജിൽ ചേരാനൊരുങ്ങുകയാണ്. എസ്.എസ്.എൽ.സി. പരീക്ഷയിലും പ്ലസ്ടുവിലും മുഴുവൻ വിഷയങ്ങൾക്കും സന എ പ്ലസ് നേടിയിരുന്നു.

നിലവിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിലും അടുത്തലിസ്റ്റിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന.മെഡിക്കൽപഠനം പൂര്ത്തിയാക്കി പാവപ്പെട്ടവരെ സഹായിക്കുന്ന ഡോക്ടറായി സേവനമനുഷ്ഠിക്കണമെന്നാണ് സനയുടെ ആഗ്രഹം.