ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു

ബെംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

ബെംഗളൂരുവിലെ എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗറില്‍വച്ച്‌ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ തെന്നിമാറിയാണ് അപകടമുണ്ടായത്.സുഹൃത്തായ നവീനാണ് വാഹനം ഓടിച്ചിരുന്നത്.

നവീന്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് ലോക്ഡൗണിനിടെ മരുന്നുവാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഇരുവരും. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.