സന്ദീപ് ഫോണിൽ വിളിച്ചിരുന്നു, എല്ലാക്കുറ്റവും തലയിൽ കെട്ടിവച്ച്‌ കുടുക്കാൻ ശ്രമിക്കുന്നതായി പറഞ്ഞ് അവൻ കരഞ്ഞു- സന്ദീപിന്റെ അമ്മ

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായർ ഒളിവിൽ കഴിയുന്നതിനിടെ മൂന്ന് ദിവസം മുമ്പ് ഫോണിൽ വിളിച്ചിരുന്നതായി സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. എല്ലാക്കുറ്റവും തന്റെ തലയിൽ കെട്ടിവെക്കാനും തന്നെ പെടുത്താൻ ശ്രമിക്കുന്നതായും പറഞ്ഞ് സന്ദീപ് കരഞ്ഞു. ​ധാരാളം കടങ്ങളുണ്ട്. പഴയ ആഡംബരക്കാർ വാങ്ങിയത് മുഴുവൻ പണം നൽകാതെയാണെന്നും ഇക്കാര്യമെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് പറഞ്ഞതായി അമ്മ ഉഷ വ്യക്തമാക്കി.

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

സ്വപ്ന സുരേഷിന്റെ മകൾ തന്റെ ജീവൻ അപകടത്തിലാണെന്ന് സുഹൃത്തിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകൾ വിളിച്ചറിയിച്ചതായി കണ്ടെത്തി. ഐബി ഉദ്യോ​ഗസ്ഥരുടെ കസ്റ്റഡിയിലുളളപ്പോഴാണ് സുഹൃത്തിന്റെ മൊബൈലിലേക്ക് സ്വപ്നയുടെ മകളുടെ വിളി എത്തിയത്. ഐബി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സിംകാർഡ് ഉപയോഗിക്കുന്ന ഫോൺ ഓൺ ചെയ്തു വയ്ക്കാൻ സ്വപ്നയുടെ മകളോട് സുഹൃത്ത് പറഞ്ഞു. തുടർന്നാണ് ലൊക്കേഷൻ എൻഐഎ കണ്ടെത്തിയത്.