നിരവധി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം അയാളുടെ ഫോട്ടോകള്‍ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാര്‍ത്ത ചമയ്‌ക്കുന്നത് തോന്നിവാസം; പ്രതികരണവുമായി സന്ദീപ് വാര്യര്‍

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍, യാദൃശ്ചികമായിട്ടാണ് മന്ത്രിയുടെ വീട്ടിലേക്ക് പോയതെന്ന് കുറിപ്പില്‍ പറയുന്നു. രജിത്തിന്റെ കൂടെയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാജ് കിരണ്‍ വന്നത്. കര്‍ണാടക മന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കുന്ന സന്ദീപ് വാര്യരുടെയും ഷാജ് കിരണിന്റെയും ചിത്രമാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

 നാല് മാസം മുമ്ബ് തന്നെ ഷാജ് കിരണ്‍ തട്ടിപ്പുകാരനാണെന്ന് കാണിച്ച്‌ എഡിജിപി വിജിലന്‍സിന് ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നെന്നും സന്ദീപ് വാര്യര്‍ കുറിപ്പില്‍ വ്യക്തമാക്കി. മെയിലിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘കര്‍ണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനില്‍ കുമാര്‍ജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങില്‍ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരണ്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത് . മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച്‌ ഫോട്ടോയെടുത്തു. ആ ഫോട്ടോയില്‍ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരണ്‍ വന്നതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റും?

എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്ബ് തന്നെ ഷാജ് കിരണ്‍ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച്‌ എഡിജിപി വിജിലന്‍സിന് ഇ മെയില്‍ വഴി പരാതി നല്‍കിയത് സ്‌ക്രീന്‍ ഷോട്ട് പുറത്തു വിടുന്നു . അന്ന് ആ പരാതിയില്‍ പൊലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഷാജ് കിരണ്‍ അന്നേ അകത്തായേനെ . ഷാജ് കിരണ്‍ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളില്‍ പോലും പറഞ്ഞിട്ടുമില്ല’.- അദ്ദേഹം കുറിച്ചു. നിരവധി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം അയാളുടെ ഫോട്ടോകള്‍ ഉണ്ടായിട്ടും തന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാര്‍ത്ത ചമയ്‌ക്കുന്നത് തോന്നിവാസമാണെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.