അജ്ഞാത പ്രാണിയുടെ കടിയേറ്റ് അപൂര്‍വ രോഗം ബാധിച്ച സാന്ദ്ര ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

ഷാര്‍ജ:അജ്ഞാത പ്രാണിയുടെ കടിയേറ്റ് അപൂര്‍വ രോഗം ബാധിച്ച സാന്ദ്ര ആന്‍ ജെയ്‌സണ്‍ ഒടുവില്‍ വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി.നാട്ടില്‍ വെച്ച് പ്രാണി കടിക്കുകയും തുടര്‍ന്ന് അപൂര്‍വ രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലാവുകയും ചെയ്ത അടൂര്‍ സ്വദേശി ജെയ്‌സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്‌സണ്‍ എന്ന 17കാരി തിങ്കളാഴ്ച ഉച്ചക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സാന്ദ്ര ജീവന്‍ വെടിഞ്ഞത്.ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്നു സാന്ദ്ര.വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോഴും ഈ മിടുക്കി പഠനം തുടര്‍ന്നിരുന്നു.അധികൃതര്‍ അനുവദിച്ച പതിനൊന്നാംക്ലാസ് വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ കഴിഞ്ഞ പ്ലസ്ടു പരീക്ഷ എഴുതിയ സാന്ത്ര 75 ശതമാനം മാര്‍ക്ക് വാങ്ങി.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആവാന്‍ ആയിരുന്നു സാന്ദ്രയുടെ ആഗ്രഹം.

ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് സാന്ദ്രക്ക് ബാധിച്ചത്.വൃക്ക മാറ്റിവെക്കല്‍ മാത്രമായിരുന്നു കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഏക മാര്‍ഗം.ഇക്കാര്യം ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സാന്ദ്രയുമായി കുടുംബം നാട്ടിലേക്ക് പോന്നത്.ഏത് വിധേനയും മകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം എന്നത് മാത്രമായിരുന്നു മാതാപിതാക്കളുടെ മനസില്‍ ഉണ്ടായിരുന്നത്.കുട്ടിക്ക് വൃക്ക നല്‍കാന്‍ തയ്യാറായി ഏതെങ്കിലും ഒരു മനുഷ്യസ്‌നേഹി എത്തും എന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമായിരുന്നു കുടുംബം.

2014ല്‍ അവധിക്കാലത്ത് ഷാര്‍ജയില്‍ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേക്ക് അവധിക്ക് എത്തിയപ്പോഴാണ് സാന്ദ്രയെ അജ്ഞാത പ്രാണി കടിക്കുന്നത്.ആദ്യം ചിക്കന്‍പോക്‌സിന്റെ രൂപത്തില്‍ രോഗം ബാധിച്ചു.എന്നാല്‍ രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന അപൂര്‍വ്വ രോഗമാണ് കുട്ടിക്ക് എന്ന് മനസിലായത്.പ്രത്യേക ഇനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നോട് പറഞ്ഞതെന്നാണ് ജെയസന്റെ ഓര്‍മ.അസുഖം കുറച്ച് ഭേദമായപ്പോള്‍ സാന്ദ്ര വീണ്ടും യുഎഇയില്‍ എത്തി.എന്നാല്‍ ദിവസങ്ങള്‍ക്കകം വീണ്ടും വഷളായി.ശരീരം തടിച്ചു വീര്‍ക്കുകയും ചെയ്തു.പിന്നീട് നടത്തിയ പരിശോധനയില്‍ രോഗം തലച്ചോറിനെ ബാധിച്ചതായി കണ്ടെത്തി.ഇതിനിടെ കണ്ണുകളുടെ കാഴ്ചയും നഷ്ടമായി.വീണ്ടും ചികിത്സ തേടുകയും രോഗം കുറയുകയും ചെയ്തതോടെ സാന്ദ്ര പഠനം തുടര്‍ന്നു.പിന്നീടാണ് ബയോപ്‌സിയിലൂടെ സാന്ദ്രയുടെ വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞത്.

ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു സാന്ദ്ര ചികിത്സ തേടിയിരുന്നത്.ഒന്ന് എണീറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കുട്ടി.ദിവസവും 11 മണിക്കൂര്‍ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ലെന്ന് ജെയ്‌സണ്‍ അറിയിച്ചിരുന്നു.പിന്നീടാണ് നാട്ടില്‍ ചികിത്സ തേടിയത്.