എട്ടാം മാസത്തിൽ ജനനം, ഒൻപത് മാസം പ്രായം ഉള്ളപ്പോൾ ആദ്യ ഒടിവ്, എന്നിട്ടും സാന്ദ്ര വിജയിച്ചു, കുറിപ്പ്

അസ്ഥി ഞുറുങ്ങുന്ന വേ​ദനയിൽ നിന്നും പുതുജീവിതത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് സാന്ദ്ര. എല്ലുകൾ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്റ്റയോടാണ് സാന്ദ്ര പൊരുതിയത്. 22 വർഷത്തെ ചലഞ്ചെന്ന് കുറിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെയാണ് തന്റം വിജയ കഥ പങ്കുെവച്ചത്.

കുറിപ്പിങ്ങനെ

22 years challenge..സത്യമാണ്… മാസം തികയാതെ എട്ടാം മാസം കൺപീലിയും പുരികവുമൊന്നുമില്ലാതെ ഈ ഭൂമിയിലേക്ക് വന്നപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ അതിജീവിച്ചു എന്നത് ഒരു വലിയ ചലഞ്ച് തന്നെയായിരുന്നു…ഒൻപത് മാസം പ്രായം ഉള്ളപ്പോഴാണ് ആദ്യ ഓടിവ് വന്നത്… അന്ന് ട്രാക്ഷൻ ചെയ്തുള്ള ചികിത്സ ആയിരുന്നു ഉണ്ടായിരുന്നത്…. ആദ്യത്തെ കുറച്ചു ദിവസം നല്ല വേദന ഒക്കെ ആയിരുന്നുവെന്നും പിന്നീട് ഞാൻ അതിൽ കിടന്നു ഊഞ്ഞാലാടുകയായിരുന്നുവെന്നും അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്…. അന്ന് എടുത്ത ഫോട്ടോയാണ് ആദ്യത്തേത്…അതിൽ നിന്നും 22 വർഷം കഴിഞ്ഞ് രണ്ടാമത്തെ ചിത്രത്തിലേക്ക് ഉള്ള യാത്ര അതായിരിക്കണം എന്റെ ജീവിതത്തിലെ ഏറ്റവും അധികം പ്രതിസന്ധികൾ നേരിട്ടിട്ടുള്ള… ഏറ്റവും വേദനിച്ചിട്ടുള്ള… അതിലേറെ അതിജീവനങ്ങളിൽ കൂടി കടന്നു പോയ ഒരു കാലഘട്ടം…

ഞാൻ ജനിച്ച സമയത്ത്… എനിക്ക് Osteogenesis imperfecta ആണെന്ന് അറിഞ്ഞ സമയത്ത് എന്റെ അച്ഛന്റേം അമ്മയുടെയും ലക്ഷ്യം എന്നെ പത്താംക്ലാസുവരെ പഠിപ്പിക്കണം… എഴുതാനും വായിക്കാനും പഠിപ്പിക്കണം എന്നത് മാത്രമായിരുന്നു… അത്കൊണ്ട് തന്നെ പരിമിതികൾക്കുള്ളിൽ നിന്ന് ഏറ്റവും നല്ല വിദ്യാഭ്യാസം അവർ എനിക്ക് തന്നു…വിദ്യാഭ്യാസമാണ് ഞങ്ങളുടെ മകൾക്ക് നൽകാനാവുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്ന് അന്നേ അവർ തിരിച്ചറിഞ്ഞിരുന്നു….പ്രായം കൂടുംതോറും എന്റെ ആഗ്രഹങ്ങളും വളർന്നു..അത് എന്നെ കൊണ്ട് സാധിക്കുമോ ഇല്ലയോ എന്ന് ചിന്തിക്കാതെ കൂടി ഞാൻ സ്വപ്നം കണ്ടു… അപ്പോഴൊക്കെയും കൂടെ കരുത്തായി അച്ഛനും അമ്മയും എന്നെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരും നിന്നു…അക്ഷരം പഠിപ്പിച്ച മിനിടീച്ചർ മുതൽ ഒരുപാട് നല്ല അധ്യാപകരെയും അതെ പോലെ കൈപിടിച്ചു നടത്താൻ കുറേ നല്ല കൂട്ടുകാരെയും കിട്ടി…

ആ ഭാഗ്യങ്ങൾ ഒക്കെ ലഭിച്ചതുകൊണ്ടാവാം..എന്റെ അച്ഛനും അമ്മയും സ്വപ്നം കണ്ടതിലും മുകളിലേക്ക് എനിക്ക് വളരുവാനായത്…ഇന്ന് ഇതൊക്കെ സംസാരിക്കാൻ കാരണം ഇന്ന് Wish bone day (Osteogenesis imperfecta awareness day) ആണ്….മാനസികമായും ശരീരികമായും ഓരോ പ്രതിസന്ധി വരുമ്പോഴും ഇതൊക്കെ ഞാൻ അതിജീവിക്കുമോ എന്ന സംശയത്തോടെയാണ് ഓരോ കാര്യങ്ങളെയും ഞാൻ നേരിട്ടിട്ടുള്ളത്… പക്ഷേ ഇന്ന് എനിക്ക് മോട്ടിവേഷൻ അതുതന്നെയാണ്…ഇത്രയൊക്കെ നേരിട്ടില്ലേ… ഇനിയും എന്തു വന്നാലും നേരിടും എന്ന ആത്മവിശ്വാസം…അതേപോലെ എനിക്ക് ഇത്രയൊക്കെ സാധിക്കുമെങ്കിൽ എന്റെ ചുറ്റിനുമുള്ള ഓരോ മനുഷ്യർക്കും ഏതു പ്രതിസന്ധി വന്നാലും നേരിടാനാവും എന്ന ആത്മവിശ്വാസം നിങ്ങൾക്കും നൽകുവാൻ സാധിക്കുന്നു…