അവള്‍ തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതായിരുന്നു, കൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു, മയൂരിയെ കുറിച്ച് സംഗീത

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു മയൂരി. നടിയുടെ മരണം ഏവര്‍ക്കും ഒരു ഞെട്ടലായിരുന്നു. സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും ആ വേര്‍പാട് വിശ്വസിക്കാനാകില്ല. ആകാശഗംഗ, സമ്മര്‍ ഇന്‍ ബത്‌ലഹേം, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്, ചന്ദാമാമാ തുടങ്ങിയ ചിത്രങ്ങളിലൂടെ മയൂരി ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. 2005 ജൂണ്‍ 16നാണ് നടി ജീവനൊടുക്കിയത്. നടിയുടൈ മറ്റൊരു മരണവാര്‍ഷികം കൂടി കടന്നു വരുമ്പോള്‍ മയരിയെ കുറിച്ച് ഉറ്റ സുഹൃത്ത് സംഗീത പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്.

തന്റെ 22-ാമത്തെ വയസിലാണ് മയൂരി ജീവനൊടുക്കിയത്. തന്റെ മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ ആണ് ജീവനൊടുക്കുന്നതിനെകുറിച്ച് ചിന്തിച്ചതെന്നും മയൂരി ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട് . അതേസമയം വിടപറയുന്നതിന് കുറേ ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് മയൂരി മരുന്നുകള്‍ കഴിക്കുമായിരുന്നെന്ന് ബന്ധുക്കളും പറഞ്ഞിരുന്നു.

മയൂരി എന്തിന് ഇത് ചെയ്തു എന്ന സംശയത്തിലാണ് ഇപ്പോഴും നടിയുടെ സുഹൃത്തുക്കളും താരവുമായി അടുപ്പമുള്ളവരും. മയൂരിയെ കുറിച്ച് നടി സംഗീത ഒരു മാധ്യമത്തിന് നല്‍കിയ വാക്കുകള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍. വ്യക്തി ജീവിതവും സിനിമാജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ പ്രത്യേക വൈഭവം വേണം, ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നുവെന്നാണ് സംഗീത പറഞ്ഞത്.- സംഗീത പറഞ്ഞു.

മയൂരിക്കൊപ്പം സമ്മര്‍ ഇന്‍ ബത്‌ലേഹേം എന്ന മലയാള ചിത്രത്തില്‍ താന്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. സെറ്റില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു. മയൂരി ഒരു പൊട്ടിപ്പെണ്ണായിരുന്നു, അവള്‍ തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. അതിനൊക്കെ അവള്‍ തന്നോട് ചോദിക്കുമായിരുന്നു, അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ശേഷം റൂമിലേക്ക് എത്തിയാല്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും.-സംഗീത പറഞ്ഞു.