ബിന്ദു അമ്മിണിയുടെ അടിപിടിക്ക് ഉത്തരം പറയേണ്ട ബാധ്യത അയ്യപ്പ സ്വാമിക്കോ ശബരിമല ക്ഷേത്രത്തിനോ ഇല്ല

വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി എവിടെയെങ്കിലും ഉണ്ടാക്കുന്ന അടിപിടിക്കേസുകളിൽ ശബരിമലയെയും വിശ്വാസികളെയും പ്രതിസ്ഥാനത്തു നിർത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കു ടി ദാസ് രം​ഗത്ത്. ഓട്ടോ ഇടിച്ചാലും ബസിൽ തർക്കമുണ്ടായാലും വാഹന തർക്കത്തിന്റെ പേരിൽ അടിപിടി ഉണ്ടായാലും ബിന്ദു അമ്മിണിയും കൂട്ടരും സ്ഥിരമായി ആരോപിക്കുന്ന പേരാണ് അയ്യപ്പ ഭക്തരും സംഘികളും. ബിന്ദു അമ്മിണി അർദ്ധരാത്രി ആൺവേഷം കെട്ടി ഒരിക്കൽ ശബരിമലയിൽ കയറിയിട്ടുണ്ട്.അതിന്റെ പേരിൽ അക്കാലത്ത് പലർക്കും അവരോട് വിരോധവും ഉണ്ടായിട്ടുണ്ട്.എന്ന് കരുതി പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സകല ചൊറയിലും ശബരിമല ക്ഷേത്രം കക്ഷി ചേരുന്നൊന്നുമില്ല.അവരെ ഒരു നോട്ടപ്പുള്ളിയായി ചുട്ടി കുത്തി വെച്ച് സദാസമയം ആരും വിടാതെ പിന്തുടരുന്നുമില്ലെന്ന് കുറിപ്പിൽ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

ഈ ബിന്ദു അമ്മിണി ഉണ്ടാക്കുന്ന അടിപിടി കേസിന് മുഴുവൻ അയ്യപ്പ ഭക്തരെ പ്രതികളാക്കുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണം.ശരിയാണ്. ബിന്ദു അമ്മിണി അർദ്ധരാത്രി ആൺവേഷം കെട്ടി ഒരിക്കൽ ശബരിമലയിൽ കയറിയിട്ടുണ്ട്.അതിന്റെ പേരിൽ അക്കാലത്ത് പലർക്കും അവരോട് വിരോധവും ഉണ്ടായിട്ടുണ്ട്.എന്ന് കരുതി പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സകല ചൊറയിലും ശബരിമല ക്ഷേത്രം കക്ഷി ചേരുന്നൊന്നുമില്ല.അവരെ ഒരു നോട്ടപ്പുള്ളിയായി ചുട്ടി കുത്തി വെച്ച് സദാസമയം ആരും വിടാതെ പിന്തുടരുന്നുമില്ല.കാലം കടന്നു പോവുകയും മനുഷ്യരുടെ പ്രയോറിറ്റികൾ മാറുകയും ചെയ്യുന്നുണ്ട്.കാലിൽ തറച്ച പല മുള്ളുകളെയും ആളുകൾ അതിനിടയിൽ മറന്നു കളയുന്നുണ്ട്.ബിന്ദു അമ്മിണിയുടെ 15 മിനിറ്റ്സ് ഓഫ് ഫെയിം അങ്ങനെ കഴിഞ്ഞു പോയതാണ്.അവർക്കത് അംഗീകരിക്കാൻ മനസ്സില്ലെങ്കിലും.ഞാൻ ആദ്യം മുതൽ അതിവൈകാരികമായി തന്നെ ശബരിമല വിഷയത്തിൽ ഇടപെട്ട ആളാണ്.കോടതിയിൽ കേസ് നടക്കുമ്പോളും വിധി വന്നപ്പോളും അതിന് ശേഷവും ശബരിമലയെ പറ്റി നിരന്തരമായി എഴുതുകയും പറയുകയും ചെയ്ത ആളാണ്.

സുപ്രീം കോടതി വിധി വന്ന ദിവസത്തെ ചാനൽ ചർച്ചയിൽ ഇരുന്ന് തന്നെ ആ വിധിയെ രൂക്ഷമായി വിമർശിച്ച ആളാണ്.ആ വിധിക്കെതിരെ കേരളത്തിലെ ആദ്യത്തെ വിശ്വാസി പ്രക്ഷോഭവും പൊതുയോഗവും പന്തളത്ത് നടന്നപ്പോൾ അതിൽ മുഖ്യ പ്രഭാഷകൻ ആയി പ്രസംഗിച്ച ആളാണ്‌.പിന്നീടങ്ങോട്ട് ആറു മാസത്തോളം വക്കീൽ പ്രാക്ടീസ് പോലും ഉപേക്ഷിച്ച് കേരളത്തിലങ്ങോളം ഇങ്ങോളം നടന്ന് സമര വേദികളിൽ സംസാരിക്കുകയും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്ത ആളാണ്.ഇതിനിടയിൽ മൂന്ന് തവണ ശബരിമലയിൽ നട തുറന്നപ്പോളും സന്നിധാനത്ത് പോയി താമസിച്ച് തന്നെ പ്രതിരോധത്തിൽ പങ്കെടുത്തയാളാണ്. നൂറോളം പോലീസുകാരുടെ അകമ്പടിയിൽ രഹനാ ഫാത്തിമ മല കയറി വന്നപ്പോൾ നടപ്പന്തലിൽ വെച്ചവരെ തടഞ്ഞു തിരിച്ചയപ്പിച്ച കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നെന്ന് അഭിമാനത്തോടെ ഞാൻ എവിടെയും പറയും.അതിൽ പിന്നെ നിരോധനാജ്ഞ ലംഘിച്ചും പോലീസിനെ വെല്ലുവിളിച്ചും എത്രയോ നാമ ജപ ഘോഷയാത്രകളിലും പ്രതിഷേധ സംഗമങ്ങളിലും ആദ്യാവസാനം ഞാനും ഉണ്ടായിട്ടുണ്ട്.ഇക്കാലത്തൊക്കെ ഫേസ്ബുക്കിലും ചാനൽ ചർച്ചയിലും പൊതു യോഗങ്ങളിലും നടു റോഡിലും വിശ്വാസികളുടെ പക്ഷത്തുറച്ചു നിന്ന് ഞാൻ നിരന്തരം എഴുതുകയും പറയുകയും പ്രസംഗിക്കുകയും ഇടപെടുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടൊക്കെ തന്നെ, കേരളത്തിലെ അയ്യപ്പ വിശ്വാസികളുടെ പ്രതിനിധി ആയി, അവരുടെ നിലപാട് പറയാൻ എനിക്കധികാരമുണ്ട് എന്നാണെന്റെ ബോധ്യം.

ആ അധികാരം ഉപയോഗിച്ച് ആധികാരികമായും ഉറപ്പിച്ചും ഉത്തരവാദിത്വത്തോടും പറയട്ടെ, ഈ ബിന്ദു അമ്മിണി എന്ന സ്ത്രീ സത്യമായും ഞങ്ങൾക്കൊരു ശത്രുവേ അല്ല.അവരോട് തീർത്താൽ തീരാത്ത പകയോ പ്രതികാര ദാഹമോ ഞങ്ങളാരും മനസ്സിൽ സൂക്ഷിക്കുന്നില്ല.എന്ത് വില കൊടുത്തും ഉന്മൂലനം ചെയ്യേണ്ട ഒരു എതിരാളി ആയോ ഒരു അഭിമാന മുറിവായോ ഒരു ഇരയായി പോലുമോ ഞങ്ങളൊരിക്കലും അവരെ കണക്കാക്കിയിട്ടുമില്ല.അവരാ പ്രക്ഷുബ്ധ കാലത്ത് അതിന്റെ അവസരം ഉപയോഗിച്ച ഒരു അറ്റൻഷൻ സീക്കർ മാത്രമായിരുന്നു.അത് കൊണ്ടവർ നിർത്തുമെങ്കിൽ അത്രയും നന്നായിരുന്നു.പക്ഷെ അവർക്കത് പറ്റില്ലെന്നതാണ് പ്രശ്നം.ഞാൻ മനസ്സിലാക്കിയിടത്തോളം ഈ ബിന്ദു അമ്മിണി ആകാശത്തൂടെ പോവുന്ന അടി വരെ ഏണി വെച്ച് പിടിച്ചെടുക്കുന്ന ഒരു പതിവ് പ്രശ്നക്കാരി ആണ്. എനിക്കവരെ വ്യക്തിപരമായി ആക്ഷേപിക്കണമെന്ന് യാതൊരു ആഗ്രഹവുമില്ല.പക്ഷെ തന്റെ വ്യക്തി ജീവിതം സദാ ഓൺ ആക്കി വെച്ചൊരു ലൈവ് ക്യാമറയുമായി പൊതുവിടത്തിൽ പ്രദർശനത്തിനു വെയ്ക്കുന്ന ആളെ പറ്റിയാണ് പറയുന്നതെന്നതിനാൽ അത് പരാമർശിക്കാതെയും വയ്യ.

എതിരെ വരുന്നവരുടെയൊക്കെ മെക്കിട്ട് കേറൽ ആണവരുടെ സ്ഥിരം പരിപാടി.അടിപിടിക്ക് ആളെ കിട്ടിയില്ലെങ്കിൽ അവര് വഴിയിൽ വെറുതെ നിൽക്കുന്ന തൂണിനോട് വരെ അടരാടിയേക്കും.ഇങ്ങനെ കൊണ്ടാ കൊണ്ടാ എന്ന് പറഞ്ഞു ചൊറിഞ്ഞു വാങ്ങി കൂട്ടുന്ന ഒരാൾക്ക് ഒരു ദിവസമെങ്കിലും അടി ഒഴിഞ്ഞു പോയാൽ അതാണ്‌ അത്ഭുതം.തന്നെ ആരൊക്കെയോ വിടാതെ വേട്ടയാടി കൊണ്ടിരിക്കുന്നു എന്നൊരു നാർസിസ്റ്റിക് ഹാലൂസിനേഷനിൽ ആണ് എപ്പോഴുമവർ.അത് കൊണ്ട് ആരെ കണ്ടാലും അത് ശത്രു ആണെന്നുറപ്പിച്ച് അങ്ങ് ആക്രമിക്കുകയാണ്.അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കാൻ ലോകത്തൊരു സ്റ്റേറ്റിനും സാധ്യമല്ല.കാരണം സ്റ്റേറ്റിന് ഒരാൾക്കെതിരെയുള്ള ബാഹ്യ ആക്രമണത്തെ പ്രതിരോധിക്കാനേ പറ്റൂ, അയാളുടെ നാവ് നിയന്ത്രിക്കാനോ കയ്യിലിരുപ്പ് നേരെയാക്കാനോ പറ്റില്ല.

വിഷമത്തോടെ പറയട്ടെ, ഈ കയ്യിലിരിപ്പ് വെച്ച് അവർക്ക് സ്കോട്ട്ലൻഡ് യാർഡ് സുരക്ഷ കൊടുത്താലും അവർ അടി കൊള്ളും.കേരളം വിട്ട് കർണാടകയിൽ പോയാൽ കന്നഡിഗരുടെ അടിയും ഗുജറാത്തിൽ പോയാൽ ഗുജറാത്തികളുടെ അടിയും കാശ്മീരിൽ പോയാൽ കാശ്മീരികളുടെ അടിയും ആസാമിൽ പോയാൽ അസമീസ് അടിയും കൊള്ളും.കാരണം ഈ അടി കിട്ടി കഴിഞ്ഞുള്ള വാചകമടിക്കേ മലയാളം തെലുങ്ക് തമിഴ് എന്നൊക്കെയുള്ള ഭാഷാ വ്യതിയാനമുള്ളൂ.അടിയുടെ ഭാഷ സാർവത്രികമാണ്.സുപ്രീം കോടതി വിധി പ്രകാരം അവർക്ക് കൊടുത്തിരുന്ന പ്രൊട്ടക്ഷൻ പോലീസ് അവസാനിപ്പിച്ചത് സുരക്ഷയ്ക്ക് കൂടെ പോയിരുന്ന വനിതാ പോലീസുകാരിയോട് അവർ വഴക്കിട്ടു ആ പോലീസുകാരിക്ക് എതിരെ തന്നെ പരാതി കൊടുത്തത് കൊണ്ടാണ്.അവരുടെ നോട്ടവും ഭാവവും ശരിയല്ല, അധികാരത്തിന്റെ ഭാഷയാണ്, പ്രതികളോട് എന്ന പോലുള്ള പെരുമാറ്റമാണ് തന്നോട് എന്നൊക്കെ ആയിരുന്നു പരാതി.അതിൽ പിന്നെ കേസ് പേടിച്ച് ഒരു പോലീസുകാരും അവിടെ പകരം ഡ്യൂട്ടിക്ക് കേറിയിട്ടില്ല.അതാണ്‌ അവരുടെയൊരു റേഞ്ച്.ഇന്നലത്തെ വീഡിയോ തന്നെ കാണുന്ന ആർക്കും മനസ്സിലാവുന്ന കാര്യമാണ് അത് വണ്ടി പാർക്കിങ്ങിനെ പറ്റിയുള്ള എന്തോ തർക്കമായിരുന്നു എന്ന്.അതിൽ ശബരിമലയും അയ്യപ്പനും മനുസ്മൃതിയും ഹിന്ദുത്വയുമൊന്നും എവിടെയുമില്ല.തന്റെ മുന്നിൽ കൊണ്ട് വണ്ടി നിർത്തുകയും കുറേ നേരം സൈഡ് കൊടുക്കാതിരിക്കുകയും ചെയ്യുന്നൊരാളെ ബിന്ദു അമ്മിണി കേറി അടിക്കുകയാണ്.

അവരയാളുടെ ഫോൺ എറിഞ്ഞു പൊട്ടിക്കുന്നു.അയാളുടെ ഉടുമുണ്ട് പറിച്ചു കളയുന്നു.എന്നിട്ട് മുണ്ടില്ലാതെ നിൽക്കുന്ന അയാളുടെ ലൈവ് വീഡിയോ എടുത്ത് പബ്ലിഷ് ചെയ്യുന്നു.അതും പോരാഞ്ഞു അയാളുടെ തുടയിൽ എന്ത് കൊണ്ടോ അടിച്ച് ആഴത്തിൽ ഒരു മുറിവും ഉണ്ടാക്കുന്നു.
സത്യത്തിൽ അവിടെ പോലീസ് കേസ് എടുക്കേണ്ടത് ബിന്ദു അമ്മിണിക്ക് എതിരെയാണ്.ഏറ്റവും കുറഞ്ഞത് രണ്ടും പേർക്കും എതിരെയെങ്കിലും കേസ് എടുക്കണം.കാരണം ഒന്നിലേറെ നോൺ ബെയ്ലബിൾ ക്രിമിനൽ ഒഫൻസുകൾ ആ വീഡിയോയിൽ മാത്രം അവർ ചെയ്യുന്നുണ്ട്.എന്നാൽ അവനവൻ ഉണ്ടാക്കിയ അടിപിടിയിലെ പ്രതിയോഗി സംഘപരിവാർ ഭീകരനും താൻ നവോത്ഥാന വിക്ടിമും എന്നൊരു പ്രതീതി അവർപിന്നീടുണ്ടാക്കുന്നത് കൊണ്ട് മാത്രം ചിത്രം മാറുകയാണ്.സംസ്ഥാന മന്ത്രി മുതൽ സാംസ്‌കാരിക നായകർ വരെ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പോസ്റ്റ് ഇടുന്നു.പ്രൊട്ടക്റ്റ് ബിന്ദു അമ്മിണി എന്ന ക്യാമ്പയിൻ ഉണ്ടാവുന്നു. മലയാളിയുടെ കണ്മുന്നിലൊരു ആട് പട്ടിയായി പരിണമിക്കുന്നു.പ്രൊപ്പഗണ്ട അതിന്റെ സർവ്വ സന്നാഹത്തോടെയും പ്രവർത്തിക്കുന്നു.അവര് ദളിത്‌ ആയത് കൊണ്ടാണത്രേ ആക്രമിക്കപ്പെട്ടത്.
അക്രമി മനുസ്മൃതി മനഃപാഠം ആക്കിയ ഹിന്ദുത്വ തീവ്രവാദി ആണത്രേ.മറ്റൊരു കാർഡും വർക്ക് ആവാതെ വരുമ്പോൾ ഇറക്കാനുള്ള കാർഡ് ആണിവിടെ വിക്ടിം കാർഡ്.എന്നാൽ അതിനായി ദളിത്‌ ഐഡന്റിറ്റിയെ ദുരുപയോഗം ചെയ്യുമ്പോൾ യഥാർത്ഥ ദളിത്‌ സംഘർഷങ്ങളുടെ വിശ്വാസ്യത പോലും അവർ നഷ്ടപ്പെടുത്തുകയാണ്.ശരിക്കും ആ മനുഷ്യൻ ഒരു സാധാരണ മത്സ്യ തൊഴിലാളി ആണ്.രാഷ്ട്രീയം എന്തെങ്കിലും ഉണ്ടോ എന്ന് പോലും അറിയില്ല.മനുസ്മൃതിയോ വിചാരധാരയോ ഒന്നും ഒരിക്കലും വായിച്ചിരിക്കില്ലെന്ന് ഉറപ്പാണ്.അന്നത്തെ പണി കഴിഞ്ഞു എന്തോ ആവശ്യത്തിന് എങ്ങോട്ടോ ആരുടെയോ സ്‌കൂട്ടറിന്റെ പിറകിൽ ലിഫ്റ്റടിച്ചു പോവുകയായിരുന്നു.

അയാളെയാണ് ഈ പാരനോയിയ ബാധിച്ച സ്ത്രീ ഉടുമുണ്ടുരിഞ്ഞു കളഞ്ഞു നടുറോട്ടിൽ നിർത്തിച്ചത്.സത്യത്തിൽ ഈ പ്രിവിലേജ് എന്നത് ആർക്കാണ് എന്ന് നമ്മൾ ആലോചിച്ചു പോവുന്ന സന്ദർഭമാണിത്.ബിന്ദു അമ്മിണി നിയമം പഠിച്ച, വക്കീലും ലോ കോളേജ് അധ്യാപകയുമായ, വരുമാനവും ചുറ്റുപാടും പ്രബലരായ സുഹൃത്തുക്കളും രാഷ്ട്രീയ സ്വാധീനവുമുള്ള, സോഷ്യൽ റെക്കഗ്നിഷൻ ഉള്ള ഒരു സെലിബ്രിറ്റി.അയാൾ അടിച്ചാൽ തിരിച്ചടിക്കാൻ പോലും ആരോഗ്യമില്ലാത്ത, വലിയ ധനശേഷി ഇല്ലാത്ത, ഉന്നത വിദ്യാഭ്യാസമോ ഉയർന്ന ജീവിത ചുറ്റുപാടുകളോ ഒന്നുമില്ലാത്ത ദുർബലനായൊരു പാവം മീൻപിടുത്തക്കാരൻ. അയാളെ ബിന്ദു അമ്മിണി കേറി അടിക്കുന്നത് പോലും അയാൾക്ക് കാര്യമായൊന്നും തിരിച്ചു ചെയ്യാൻ പറ്റില്ലെന്നും തനിക്കെളുപ്പം അയാളെ കീഴ്പ്പെടുത്താമെന്നുമുള്ള ഉറപ്പിലാണ്.അത്യാവശ്യം തണ്ടും തടിയും ഉള്ളൊരു ആളായിരുന്നു അയാളെങ്കിൽ, ലൈവിൽ തന്നെ പിന്തുണക്കാൻ ഇത്രയും ആളുകൾ ഇല്ലെങ്കിൽ, അവരയാളെ തൊടാൻ നിൽക്കുമായിരുന്നില്ല.ഇവിടെ ആർക്കാണ് പ്രിവിലേജ് ഉള്ളത്?ആരാണ് ഇവിടെ ശരിക്കും വിക്ടിം?ഇവർ മെക്കിട്ട് കേറുന്നതൊക്കെ ഇങ്ങനെയുള്ള സാധുക്കളോടാണ്.കഴിഞ്ഞ മാസം സ്റ്റോപ്പിൽ നിർത്തി കൊടുക്കാത്ത ഒരു പാവം ബസ് ഡ്രൈവർ ആയിരുന്നു അവർക്ക് ഭീകരൻ.
അതിന് മുൻപേതോ ഓട്ടോക്കാരൻ ആയിരുന്നു.

അതിന് മുൻപേതെങ്കിലും പലചരക്കു കടക്കാരനോ ഹോട്ടൽ സപ്ലൈയറോ ആയിരിക്കും.പാങ്ങിന് കയ്യിൽ പെടുന്ന പാവങ്ങളെയൊക്കെ ഇടിച്ചു പിഴിഞ്ഞിട്ടിവർ പൊതുസമൂഹത്തെ ശബരിമല ഫെയിം പറഞ്ഞു സമ്മർദ്ധത്തിൽആക്കുകയാണ്.ഒരു തവണ എങ്ങനെയോ ശബരിമലയിൽ കേറിയ പദവി കാണിച്ച് കയ്യിലിരിപ്പിന്റെ കൂലിയ്ക്കൊക്കെ സ്റ്റേറ്റിനെ പഴിക്കുകയാണ്.ഈ പിന്തുണ കൊടുക്കുന്ന ആർക്കെങ്കിലും അറിയാതെയാണോ ഈ അടിപിടിക്ക് ശബരിമല പ്രവേശനവുമായി ഒരു ബന്ധവുമില്ലെന്ന്?അവരുടെ വാക്കേറ്റത്തിനിടയിൽ എവിടെയെങ്കിലും അവരിലാരെങ്കിലും അങ്ങനെയൊരു പ്രശ്നത്തെ പറ്റി സൂചിപ്പിക്കുന്നത് എങ്കിലുമുണ്ടോ?അയാൾക്ക് ബിന്ദു അമ്മിണി ആരാണെന്ന് അറിയുക പോലുമില്ലെന്നാണ് ആ വീഡിയോ കൊണ്ട് മനസ്സിലാവുന്നത്.എന്നിട്ടയാൾ നവോത്ഥാന താരകവും സർവ്വോപരി ദളിതുമായ ബിന്ദു അമ്മിണിയെ ഉന്മൂലനം ചെയ്യാൻ സംഘപരിവാർ അയച്ച ഭീകരൻ ആണെന്ന് പൊതുസമൂഹം വിശ്വസിക്കണമെന്ന് പറയുമ്പോൾ ഇവരെന്താ ജനത്തിന്റെ സാമാന്യ ബുദ്ധിയെ പറ്റി ധരിച്ചിരിക്കുന്നത്?ഒരിടത്ത് നിങ്ങൾ പറയുന്നു സംഘപരിവാർ എന്നത് രാജ്യത്തിന്റെ ഭരണഘടനയെ തന്നെ ആട്ടിമറിക്കാനുള്ള സിസ്റ്റമാറ്റിക്ക് ആയൊരു പദ്ധതി രൂപീകരിച്ചു അത് അതിവിദഗ്ദമായി നടപ്പാക്കി കൊണ്ടിരിക്കുന്ന, അതിനായി വലിയ മൂലധന ശക്തികളെയും ക്രോണി കാപ്പിറ്റലിസ്റ്റുകളെയും കോടതികളെയും വരെ വശത്താക്കി വെച്ചിരിക്കുന്ന, അന്താരാഷ്ട്ര തലത്തിൽ തന്നെ നരേറ്റീവ് ബിൽഡിങ്ങിന് വേണ്ട തിങ്ക് ടാങ്കുകളും ഏജൻസികളും ഒക്കെയുള്ള ഒരു ഫാസിസ്റ്റ് സംവിധാനം ആണെന്ന്.

എന്നിട്ട് അതെ നിങ്ങൾ തന്നെ പറയുന്നു ഈ ബിന്ദു അമ്മിണിയെ ഉന്മൂലനം ചെയ്യാൻ നേരെ നിൽക്കാൻ പറ്റാത്ത ഒരാളെ ഒരു ഒറ്റമുണ്ടും ഉടുപ്പിച്ച് ഒരു സ്‌കൂട്ടറിന്റെ പിറകിൽ കയറ്റി വിട്ടതും സംഘപരിവാർ ആണെന്ന്. ഇതൊക്കെ നിങ്ങൾക്കെങ്കിലും ന്യായമായി തോന്നുന്നുണ്ടോ?ഇനി അങ്ങനെയൊരു പദ്ധതി സംഘപരിവാറിന് ഉണ്ടെങ്കിൽ അതിനായിട്ട് ഒരു മണിക്കൂർ നിന്നടിക്കാൻ പറ്റുന്ന ഒരാളെയെങ്കിലും അയക്കാനുള്ള സംഘടനാ സംവിധാനം ഒക്കെ സംഘത്തിന് ഇവിടെ ഉണ്ട് എന്നെങ്കിലും ആലോചിക്കണ്ടേ?ബിന്ദു അമ്മിണിയെ അങ്ങനെ ഒരു പോന്ന ശത്രുവായി ആരും കൂട്ടിയിട്ടേയില്ല.അവരെ ആഴ്ചയ്ക്ക് ആഴ്ച ഉന്തി മറിച്ചിടുന്നതിൽ ഒരാനന്ദവും ആർക്കും കിട്ടുന്നുമില്ല.താൻ സംഘപരിവാറിന്റെ ഒരു ശത്രുവും സ്ഥിരം വേട്ടമൃഗവും ആണെന്ന് തോന്നിപ്പിക്കേണ്ടത് ബിന്ദു അമ്മിണിയുടെ മാത്രം ആവശ്യമാണ്.രണ്ടാം നവോത്ഥാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന പരിവേഷം അവരുടെയൊരു മോഹമാണ്.അതുകൊണ്ട് കേരളത്തിലെ മുഴുവൻ അയ്യപ്പ ഭക്തരെയും പ്രതിനിധീകരിച്ചു കൊണ്ട് ഞാൻ പറയട്ടെ, ഈ ബിന്ദു അമ്മിണിയുടെ കയ്യാങ്കളി കേസ് ഒക്കെ ഞങ്ങളുടെ തലയിൽ ചാർത്തുന്ന പരിപാടി പുരോഗമന പോരാളികൾ ദയവായി അവസാനിപ്പിക്കണം.അവരുണ്ടാക്കുന്ന അടിപിടിക്ക് ഒക്കെ ഉത്തരം പറയേണ്ട ബാധ്യത ഞങ്ങൾക്കോ അയ്യപ്പ സ്വാമിക്കോ ശബരിമല ക്ഷേത്രത്തിനോ ഒട്ടുമില്ല.ചോദിച്ചു മേടിക്കുന്ന ഒരു സ്വഭാവം ബിന്ദു അമ്മിണിക്കുണ്ട്.ചോദിച്ചാൽ കൊടുക്കുന്ന സ്വഭാവം മലയാളികൾക്കും.
അവര് തമ്മിൽ അതെങ്ങനെയാച്ചാൽ നേരിട്ടായിക്കോട്ടെ.ഞങ്ങളെ ഇതീന്ന് ഒഴിവാക്കി തരണം.