ഫോണ്‍ തട്ടിപ്പറിക്കാനും തന്നെ ആക്രമിക്കാനും പറഞ്ഞത് രമ്യ ഹരിദാസ്; എംപിക്കെതിരെ കേസെടുക്കണമെന്ന് സനൂഫ്

ഫോണ്‍ തട്ടിപ്പറിക്കാനും തന്നെ ആക്രമിക്കാനും പറഞ്ഞത് രമ്യ ഹരിദാസ് ആണെന്നും അവർക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസുകാരുടെ മര്‍ദനത്തിനിരയായ സനൂഫ്. ഫോണ്‍ തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ട് ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ് ആണ്.

അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച്‌ തന്നെ അപമാനിക്കുകയാണെന്നും ആരോപണം തെളിയിക്കാന്‍ എം പി തയ്യാറാവണെന്നും സനൂഫ് പറയുന്നു. ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണം. അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും സനൂഫ് പറഞ്ഞു.

കൈയില്‍ കയറി പിടിച്ചെന്നും ശല്യപ്പെടുത്തിയെന്നുമുള്ള രമ്യ ഹരിദാസ് എംപിയുടെ വാദം പച്ചക്കള്ളമാണെന്ന്‌ കൊവിഡ് മാനദണ്ഡ ലംഘനം ചോദ്യം ചെയ്ത സനൂഫ് പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ എംപിയുടെ വാദം പൊളിയും.

എന്നെ സംഘംചേര്‍ന്ന് കൈയേറ്റം ചെയ്യുന്നത് സിസിടിവി ദൃശ്യത്തില്‍നിന്ന്‌ വ്യക്തമാകും. മൂന്നു സ്വകാര്യകമ്ബനിയില്‍ എനിക്ക്‌ ജോലി ശരിയായിട്ടുണ്ട്. എംപിയുടെ പരാമര്‍ശം എന്റെ ഭാവിയെ തകര്‍ക്കാന്‍പോന്നതാണ്‌. വീഡിയോ എടുത്തില്ലായിരുന്നുവെങ്കില്‍ നിരപരാധിത്വം തെളിയിക്കാനാകില്ലായിരുന്നുവെന്നും സനൂഫ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം ക‍ഴിക്കാനെത്തിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തിൽ രമ്യ ഹരിദാസ് എം പി ഒ‍ഴികെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

കല്‍മണ്ഡപം സ്വദേശിയായ സനൂഫ് നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. കൈയേറ്റം ചെയ്യല്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.