ബയോപ്‌സിക്ക് ശേഷം ഡോക്ടര്‍ അത് ശരി വച്ചു, അവന്‍ മടങ്ങി വന്നിരിക്കുന്നു, കൂടുതല്‍ ശക്തമായി, ശരത് പറയുന്നു

ക്യാന്‍സര്‍ എന്ന മഹാവ്യാധിക്ക് എതിരെ പോരാടുന്ന നിരവധി പേര്‍ നമുക്ക് ചുറ്റിനുമുണ്ട്. രോഗത്തെ പൊരുതി തോല്‍പ്പിച്ചവരുമുണ്ട്. ഇപ്പോള്‍ തനിക്ക് രണ്ടാമതും ക്യാന്‍സര്‍ പിടിപെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ശരത് ജയു എന്ന യുവാവ്. നാലാം സ്റ്റേജില്‍ നിന്ന് ക്യാന്‍സറിനെ ഏകദേശം ഒരു വര്‍ഷത്തിലേറെ ചികിത്സ നടത്തിയതിനുശേഷം പറിച്ചെറിഞ്ഞെങ്കിലും ആഴ്ചകള്‍ പിന്നിടുംമുമ്പ് ക്യാന്‍സര്‍ വീണ്ടും ശക്തമായി മടങ്ങി വന്നു എന്നാണ് അദ്ദേഹം പറയുന്നത്. കേരള ക്യാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്റ് സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് ശരത് തന്റെ ജീവിതം തുറന്ന് പറഞ്ഞിരിക്കുന്നത്.

ശരത്തിന്റെ കുറിപ്പിങ്ങനെ, ആ കള്ള തിരുമാലി വീണ്ടും വന്നിരിക്കുന്നു എന്റെ ജീവിതത്തിലേക്ക്. തോല്‍ക്കാനും, കരയാനും എനിക്ക് സമയവുമില്ല, മനസ്സുമില്ല ! ക്യാന്‍സറിന് എന്നോട് ഇത്രയും ആത്മാര്‍ത്ഥമായ സ്‌നേഹം ഉണ്ടാകും എന്ന് ഞാന്‍ വിചാരിച്ചില്ല. കുറച്ച് ഒരിടവേള പോലും തരാതെ ക്യാന്‍സര്‍ രണ്ടാമതും എന്നെ സ്‌നേഹിക്കാന്‍ വന്നാല്‍ ഞാന്‍ എന്താണ് ചെയ്യുക?

നാലാം സ്റ്റേജില്‍ നിന്ന് ക്യാന്‍സറിനെ ഏകദേശം ഒരു വര്‍ഷത്തിലേറെ ചികിത്സ നടത്തിയതിനുശേഷമാണ് ഞാന്‍ പറഞ്ഞയച്ചത്. അതിനുശേഷം വെറും ഒരാഴ്ചത്തെ ഇടവേളയില്‍ മാത്രമാണ് ഞാന്‍ സമാധാനമായി ഉറങ്ങിയത്. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ശക്തമായി എന്നില്‍ കണ്ടുതുടങ്ങി. ബയോപ്‌സിക്ക് ശേഷം ഡോക്ടര്‍ അത് ശരി വച്ചു, അവന്‍ മടങ്ങി വന്നിരിക്കുന്നു, കൂടുതല്‍ ശക്തമായി.

എന്റെ രോഗം മാറിയപ്പോള്‍ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അഞ്ചു വയസ്സുള്ള എന്റെ മകന്‍ ആയിരിക്കും. അവന്‍ എന്നോട് പറഞ്ഞത് ‘എനിക്ക് ഇനിയെങ്കിലും അപ്പയുടെ കൂടെ കളിക്കാമല്ലോ’ എന്നാണ്. ശത്രു രാജ്യത്തെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് സ്വന്തം വീട്ടിലേക്ക് വിജയശ്രീലാളിതനായി മടങ്ങി വരുന്ന യോദ്ധാവ് വീണ്ടും മറ്റൊരു യുദ്ധത്തിനായി ശത്രു വന്നിരിക്കുന്നു എന്ന് അറിയുമ്പോള്‍ ഉള്ള അവസ്ഥ, എത്ര കാഠിന്യവും ദുഷ്‌കരവും ആണ് അത് എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. ക്യാന്‍സര്‍ എന്റെ ജീവിതത്തിലേക്ക് വീണ്ടും ശക്തമായി തിരിച്ചു വരുമ്പോള്‍ എന്റെ അവസ്ഥയും അങ്ങനെ തന്നെ.

ഒന്നും നിര്‍ഭാഗ്യം എന്നും വിധിയെന്നും പറഞ്ഞു പഴിക്കാന്‍ എനിക്കാവില്ല. എന്നെ കൊണ്ട് കഴിയുന്നിടത്തോളം എനിക്ക് വീണ്ടും യുദ്ധം ചെയ്‌തേ പറ്റൂ. ഇക്കുറി കൂടുതല്‍ ശക്തമായി, കൂടുതല്‍ കരുത്താര്‍ജിച്ചു കൊണ്ട് എനിക്ക് ക്യാന്‍സറിനോട് പൊരുതിയെ പറ്റൂ.

ഹൈ ഡോസ് കീമോയും, ലക്ഷങ്ങള്‍ ചിലവുള്ള മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ആണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനിയുള്ള സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെയെന്ന് അറിയില്ല, ദൈവം മുന്നോട്ട് നടത്തുമെന്ന പ്രതീക്ഷയില്‍ എന്റെ യാത്ര തുടരുകയാണ് . ഈ യാത്രയുടെ തുടക്കം നിശ്ചയിച്ചത് ഞാനല്ല, ഒടുക്കമോ, അവസാനമോ എനിക്കറിയില്ല. ഒന്നുമാത്രം അറിയാം യാത്രയിലുടനീളം ഞാന്‍ ഒരു യോദ്ധാവിനെ പോലെ യുദ്ധം ചെയ്തു പോരാടേണ്ടി ഇരിക്കുന്നു.

ആകെ തകര്‍ന്നു നില്‍ക്കുമ്പോഴും, കൈവിടാത്ത ഒരേയൊരു വിശ്വാസം,എനിക്കും ഒരു നാള്‍ വരും എല്ലാം ശരിയാകും എന്നതാണ്. എത്ര വാടിയാലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന തൊട്ടാവാടി ആണ് ഞാന്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും മരണത്തെക്കുറിച്ച് ചിന്തിച്ചവര്‍, അതിനുശേഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ ജീവിതത്തെ ജയിക്കാന്‍ കെല്‍പ്പുള്ള വരാണ്. എനിക്ക് ജയിച്ചേ പറ്റൂ, ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും…