ഒരിക്കല്‍ മരണത്തിന്റെ രുചി അനുഭവിച്ചു തിരിച്ചു വന്നതാണ്, ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച് ശരത്

ക്യാന്‍സര്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഭയമാണ്. നമ്മുടെ ചുറ്റിനും തന്നെ പലരും ഈ മഹാ വ്യാധിയോട് മല്ലടിക്കുന്നുണ്ട്. രോഗത്തോട് ശക്തമായി പൊരുതി ജീവിക്കുന്നവരുമുണ്ട്. അത്തരത്തില്‍ ഒരാളാണ് ശരത് ജയു. രണ്ടാം വട്ടവും ക്യാന്‍സറിനോട് പൊരുതുകയാണ് ശരത്ത്. ഇപ്പോള്‍ ശരത്ത് തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ശരത് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം,നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ക്യാന്‍സറിനെ അതിന്റെ നാലാം സ്റ്റേജില്‍ നിന്ന് രണ്ടാമതും പൊരുതുമ്പോള്‍ എന്റെ അവസ്ഥയും അങ്ങനെ തന്നെയാണ്. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാമതും വന്ന ക്യാന്‍സറിനെതിരെ പോരാടുകയാണ് ഇന്ന് ഞാന്‍. കെട്ടുകഥയേക്കാള്‍ വിചിത്രമായ ജീവിതാനുഭവങ്ങളാണ് എനിക്കും കൂട്ടിനുള്ളത്.

എന്റെ ഈ ജീവിത യുദ്ധം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തില്‍ കൂടുതലായി. ഓര്‍മ്മവെച്ച നാള്‍ മുതല്‍ സിറിഞ്ചിനെയും, നീഡിലെയും ഭയത്തോടെ മാത്രം കണ്ടിട്ടുള്ള, ഒരു പനി വന്നാല്‍ പോലും തളര്‍ന്നിരുന്ന ശരത് എന്ന വ്യക്തി ഇന്ന് കാന്‍സറിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുമ്പോള്‍ എനിക്ക് എന്നോട് തന്നെ തോന്നുന്നത് അത്ഭുതമാണ്. നിനക്കെവിടെ നിന്നാണ് ഈ ധൈര്യം ലഭിച്ചതെന്നാണ് ചോദ്യമെങ്കില്‍, ഉത്തരം പറയാന്‍ കുറച്ചു പ്രയാസമായിരിക്കും. സംഭവബഹുലമായ ആശുപത്രി ദിനങ്ങള്‍, അനുഭവിച്ച വേദനകള്‍, ഇഞ്ചോടിഞ്ച് ജീവനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ അങ്ങനെ ജീവിതാനുഭവങ്ങള്‍ ഒരുപാടാണ്.

തോറ്റുപോകും എന്ന് തോന്നിയ നിമിഷങ്ങളെ മനോധൈര്യംതോടെ നേരിട്ട് ദിവസങ്ങളുണ്ട്. എന്റെ ജീവന്റെ പാതി, എന്റെ ജയു എപ്പോഴും കൂടെയുണ്ട് എന്ന് ആത്മ ധൈര്യം എന്തിനെയും നേരിടാന്‍ എനിക്ക് കൂടുതല്‍ കരുത്തായി. ഒട്ടുമേ ആശങ്കപെടുത്തതെ, ഒപ്പമുണ്ടെന്ന് ഓര്‍മിപ്പിച്ച സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പകര്‍ന്ന ആത്മവിശ്വാസത്തിന്റെ പോരാട്ടം. ആദ്യം ഒന്ന് പകച്ചുപോയെങ്കിലും, രക്തബന്ധം പോലെ ഊഷ്മളമായ സൗഹൃദത്തിന്റെ പ്രതീകമായവര്‍, അന്നോളം സൗഹൃദ ബന്ധങ്ങള്‍ മാത്രമായിരുന്ന ചില ബന്ധങ്ങള്‍ സംരക്ഷണത്തിന്റെ ചുറ്റു മതില്‍ തീര്‍ത്തു, ആത്മവിശ്വാസത്തിന്റെ കരുത്ത് പകര്‍ന്നു. അവരോടൊക്കെ പറയാനുള്ളത് ഹൃദയം നിറഞ്ഞ സ്‌നേഹം മാത്രമാണ്.

പല സമയങ്ങളിലും പച്ചമാംസം ജീവനോടെ ചുടുന്നതിന് തുല്യമായ വേദന അനുഭവിച്ചിട്ടുണ്ട്, ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ട്. എന്തിനേറെ പറയുന്നു ഒരിക്കല്‍ മരണത്തിന്റെ രുചി അനുഭവിച്ചു തിരിച്ചു വന്നതാണ്. എന്നുവെച്ച് ഞാന്‍ ഇന്നുവരെ വിധിയെ പഴിച്ചിട്ടില്ല, ദൈവത്തെ കുറ്റം പറഞ്ഞിട്ടില്ല മറിച്ച് ജീവിതത്തെ എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കാനാണ് എനിക്കിഷ്ടം.

അംഗീകരിക്കാന്‍ മടിച്ച ചിലര്‍ തരുന്ന പരിഹാസം ഉണ്ടല്ലോ അതാണ് ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്. നമുക്കുള്ള ഏക പരിമിതി നമ്മുടെ മനസ്സ് മാത്രമാണ്.വരുന്നിടത്ത് വച്ച് കാണാം എന്ന ഒറ്റ ചിന്ത മതി ജീവിക്കാന്‍. ഒരു വ്യക്തി വിജയിക്കുന്നത്,വിജയിക്കാനുള്ള ആഗ്രഹം പരാജയത്തെകുറിച്ചുള്ള ഭയത്തേക്കാള്‍ എപ്പോഴും തീവ്രമായിരിക്കുമ്പോഴാണ്. ഒരുപാട് സാമ്പത്തിക പ്രതിസന്ധികളിലും വിജയിക്കുമെന്ന് ഉറച്ച് വിശ്വാസത്തോടുകൂടി മനസ്സുറപ്പോടെ ഒരു നീണ്ട യാത്രയിലാണ് ഞാന്‍. പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല, ഉള്ളിലൊരു ആകാശം ഉണ്ടായാലും മതിയല്ലോ അല്ലേ.