സിനിമ വന്‍ വിജയമായിട്ടും നിര്‍മാതാവ് പ്രതിഫലം തന്നില്ല, കിട്ടിയത് ബ്ലാങ്ക് ചെക്ക് മാത്രം, അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജീവിത ഗന്ധിയായ ഒട്ടേറെ സിനിമകള്‍ക്ക് പിറവി നല്‍കിയ സംവിധായകന്റെ സിനിമാ കരിയറിലെ വേദനിപ്പിച്ച അനുഭവമാണ് ഇപ്പോള്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവമാണിതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ ചെയ്ത ഒരു സിനിമ വലിയ വിജയമായിട്ട് പോലും തനിക്ക് പ്രതിഫലം തന്നില്ല എന്നാണ് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍.

പിന്നീട് അതേ നിര്‍മാതാവ് തന്നെ തന്നോട് മറ്റൊരു ചിത്രം ചെയ്ത് തരാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ആ പരീക്ഷണത്തിന് നിന്ന് കൊടുത്തില്ലെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കി. മദിരാശിയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി. തനിക്ക് പറഞ്ഞ പ്രതിഫലം കിട്ടിയില്ല. താനുമായി ഏറെ സൗഹൃദത്തിലുണ്ടായിരുന്ന സരസനാണ് നിര്‍മാതാവ്. അദ്ദേഹം ഒരു ബ്ലാങ്ക് ചെക്ക് കൈയില്‍ തന്നിട്ട് പറഞ്ഞു. ഇത് വെച്ചോളൂ, വെള്ളിയാഴ്ചയാണല്ലോ റിലീസ്. വ്യാഴാഴ്ച വീട്ടില്‍ വന്ന് പണം തരാമെന്ന്. എന്നാല്‍ ആ സമയത്ത് തന്റെ മനസ്സ് നിറയെ പ്രേക്ഷകര്‍ സിനിമ എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന ടെന്‍ഷന്‍ ആയിരുന്നു എനിക്ക് മനസ്സ് നിറയെ. സംശയമൊന്നും തോന്നിയിരുന്നില്ല എന്ന സംവിധായകന്‍ പറയുന്നു.

സിനിമ കാണാന്‍ തിയേറ്ററുകള്‍ എന്നും ഹൗസ് ഫുള്‍, കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായം എന്നാല്‍ തനിക്ക് പ്രതിഫലം മാത്രം കിട്ടിയില്ല എന്നും സംവിധായകന്‍ പറയുന്നു. പടം വിജയമായതിന്റെ സന്തോഷം നിര്‍മ്മാതാവ് ഫോണില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നെങ്കിലും, വീട്ടിലുണ്ടല്ലോ അല്ലെ ഞാനങ്ങോട്ടുവരുന്നുണ്ട് എന്ന് പറയുക മാത്രമാണ് ചെയ്തത്. സിനിമ അമ്പത് ദിവസം പിന്നിട്ടപ്പോള്‍ തന്നെ താന്‍ പ്രതിഫലത്തെ പറ്റിയുളള പ്രതീക്ഷകള്‍ കൈവിട്ടുവെന്നും സംവിധായകന്‍ പറയുന്നു. പിന്നീട് പല സ്ഥലത്ത് വെച്ച് ഞങ്ങള്‍ കാണാറുണ്ട്. എന്നാല്‍ പഴയ ചെക്കിന്റെ കാര്യങ്ങളൊഴിച്ച് ഞങ്ങള്‍ പലതും സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്റെ പ്രതിഫലം കിട്ടാതെ പടം റിലീസ് ചെയ്യാന്‍ സമ്മതിക്കരുതെന്ന് ലാബില്‍ ഞാന്‍ ലെറ്റര്‍ കൊടുക്കണമായിരുന്നു.ഒരു ദിവസം ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു. വേണമായിരുന്നു.എവിടെ നിന്നെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് പണമുണ്ടാക്കി തരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് പറഞ്ഞു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും എത്ര സൗഹൃദമുള്ള പ്രൊഡ്യൂസറാണെങ്കിലും റിലീസിന് മുന്‍പ് പണം കിട്ടിയില്ലെങ്കില്‍ ലാബ് ലെറ്റര്‍ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഇങ്ങനെ അത്ഭുതപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് വീണ്ടും അദ്ദേഹം പറയുകയാണ്, കഴിയുന്നതും വേഗം എനിക്ക് ഒരു സിനിമ കൂടി ചെയ്ത് തരണം. കഴിഞ്ഞ പടത്തിന്റെ ബാക്കി പ്രതിഫലം കൂടി ചേര്‍ത്തുകൊണ്ട് മുഴുവന്‍ തുകയും തരാമെന്ന്. ഏതായാലും താന്‍ ആ പരീക്ഷണത്തിന് നിന്നുകൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.