ഐ.ടി.ജോലികള്‍ക്കും അക്കൗണ്ടന്‍റ് ആകാനും ഇനി ആരും സൗദിക്ക് പോകേണ്ടതില്ല

റിയാദ്‌ : സൗദി അറേബ്യയില്‍ 11 തൊഴില്‍മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണത്തിന്റെ തോത്‌ ഉയര്‍ത്താന്‍ നീക്കം. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മൂന്നു മാസമായി ഐ.ബി.എം. അടക്കമുള്ള കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്‌. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണമെന്ന മന്ത്രിസഭാ തീരുമാനമനുസരിച്ചാണിത്‌.

ഐ.ടി, അക്കൗണ്ടിങ്‌, മെഡിക്കല്‍, ടൂറിസം, ഇന്‍ഡസ്‌ട്രിയല്‍, എന്‍ജിനീയറിംഗ്‌ ആന്‍ഡ്‌ ട്രേഡിങ്‌ കണ്‍സള്‍ട്ടന്‍സി, റീട്ടെയില്‍സ്‌, ട്രാന്‍സ്‌പോര്‍ട്ട്‌, കോണ്‍ട്രാക്‌ടിങ്‌, അഭിഭാഷകവൃത്തി, റിക്രൂട്ട്‌മെന്റ്‌ എന്നീ മേഖലകളാണ്‌ പുതുതായി സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ആരോഗ്യമന്ത്രാലയം, ഐ.ടി വകുപ്പ്‌, എന്‍ജിനീയറിങ്‌ കൗണ്‍സില്‍, സൗദി ബാര്‍ അസോസിയേഷന്‍, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്‌ തൊഴില്‍മന്ത്രാലയത്തിലെ സ്വദേശിവല്‍ക്കരണസമിതി ജനറല്‍ സൂപ്പര്‍വൈസര്‍ എന്‍ജിനിയര്‍ ഗാസി അല്‍ശഹ്‌റാനി വ്യക്‌തമാക്കി. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്‌.

വിദേശികള്‍ ജോലി ചെയ്‌തിരുന്ന മേഖലകളിലാണു സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്‌. തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി കാരണം തൊഴിലുടമയ്‌ക്ക്‌ അധിക ബാധ്യത വരുന്നതും വിദേശതൊഴിലാളികള്‍ക്കു തിരിച്ചടിയാണ്‌.

അതേ സമയം തൊഴിലാളികളുടെ ഓവര്‍ ടൈം വെട്ടിക്കുറച്ചതും ശമ്പള വര്‍ധനയില്ലാത്തതും ആശ്രിതര്‍ക്ക്‌ ലെവി ഏര്‍പ്പെടുത്തിയതും മലയാളികളടക്കമുള്ള പ്രവാസികളെ വലയ്‌ക്കുകയാണ്‌. നിലവില്‍ എട്ടു ലക്ഷത്തിലധികം വിദേശികളാണു കഴിഞ്ഞ ഒന്‍മ്പത്‌ മാസത്തിനകം സൗദിയില്‍നിന്നു സ്വന്തം നാടുകളിലേക്കു മടങ്ങിയത്‌.