അംബാസഡറെ പുറത്താക്കിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ റദ്ദുചെയ്ത് സൗദി

സൗദി അറേബ്യയ്‌ക്കെതിരെ പോരിനിറങ്ങി കാനഡ വെട്ടിലായിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ തുടങ്ങിയ അസ്വാരസ്യം മറ്റ് തലത്തിലേക്ക് മാറി. സൗദി അറേബ്യക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച കാനഡ കുടുങ്ങിയിരിക്കുകയാണ്. അംബാസഡറെ പുറത്താക്കി നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിച്ച സൗദി കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ പോലും സൗദി നിര്‍ത്തിവെച്ചു. ഇന്ധന കയറ്റുമതിയിലും നിയന്ത്രണമുണ്ടായേക്കുമെന്ന ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കാനഡയ്ക്ക് കടുത്ത തിരിച്ചടിയായി അതുമാറും.

കാനഡയുടെ ഏറ്റവും പ്രധാന ഊര്‍ജ സ്രോതസ്സുകളിലൊന്നാണ് സൗദി അറേബ്യ. 2007 മുതല്‍ 2017 വരെയുള്ള കണക്കനുസരിച്് കാനഡ സൗദിയില്‍നിന്ന് 12.5 ബില്യണ്‍ പൗണ്ടിന്റെ എണ്ണ വാങ്ങിയിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ധനം കാനഡയിലേക്ക് എത്തുന്നത് സൗദിയില്‍നിന്നാണെന്നും കനേഡിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഇക്കൊല്ലം ജനുവരിമുതല്‍ ജൂണ്‍വരെ 1.1 ബില്യണ്‍ പൗണ്ടിന്റെ എണ്ണവ്യാപാരവും ഇരുരാജ്യങ്ങലും തമ്മില്‍ നടന്നിട്ടുണ്ട്.

ദിവസം ഒരുലക്ഷം ബാരലിലേറെ എണ്ണയാണ് സൗദി അറേബ്യ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്രയും ഇന്ധനശേഖരമാണ് അടുത്തകാലത്തെ നയനന്ത്ര തര്‍ക്കം മൂലം നിന്നുപോകുമോ എന്ന ആശങ്കയിലായിട്ടുള്ളത്. സൗദിയില്‍നിന്ന് ന്യൂ ബോണ്‍സ്‌വിക്കിലെ ഇര്‍വിങ് ഓയില്‍ റിഫൈനറിയിലാണ് അസംസ്‌കൃത എണ്ണ എത്തുന്നത്. ഇവിടെനിന്ന് ഇന്ധനം ട്രെയിന്‍ മാര്‍ഗമോ ടാങ്കറിലോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുകയാണ് ചെയ്യുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തത് കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റില ഫ്രീലാന്‍ഡ് വിമര്‍ശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ഇതിന് മറുപടിയായി കാനഡയുമായുള്ള ബന്ധം വിഛേദിക്കുകയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. കാനഡയുടെ അംബാസഡറെ പുറത്താക്കി. കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാരകരാറുകളും നിര്‍ത്തിവെച്ചു. സൗദി എയര്‍ലൈന്‍സിന്റെ കാനഡയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തി.

കാനഡയില്‍ പുതിയതായി നിക്ഷേപങ്ങളൊന്നും നടത്തില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ആദേല്‍ അല്‍ ജുബൈര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള വ്യാപാരക്കരാറുകളെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരില്‍ ഇന്ധനക്കൈമാറ്റം തടയരുതെന്നാണ് സൗദി സര്‍ക്കാരിന്റെ നിലപാടെന്ന് ഓയില്‍ മിനിസ്റ്റര്‍ ഖാലിദ് അല്‍ഫെയ്ത്തും വ്യക്തമാക്കി. ഒരുകാരണവശാലും ഈ നിലപാടില്‍ മാറ്റം വരികയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.