ഒന്നുകില്‍ നല്ല അച്ഛനും അമ്മയും ആകുക, അല്ലെങ്കില്‍ ആകാതിരിക്കുക, തീരുമാനം നിങ്ങളുടേതാണ്, സൗമ്യ സരിന്‍ പറയുന്നു

ജൂഡ് ആന്റണി ഒരുക്കിയ സാറാസ് മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ പലരും അഭിപ്രായ പ്രകടിപ്പിച്ച് രംഗത്തെത്തി. ഗര്‍ഭം ധരിക്കുക എന്നത് തീരുമാനിക്കേണ്ടത് സ്ത്രീ ആണെന്ന് ആണ് ചിത്രം നല്‍കുന്ന ഉപദേശം. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഡോ. സൗമ്യ സരിന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഗര്‍ഭിണി ആവേണ്ട എന്നുണ്ടെങ്കില്‍ അതിന് അബോര്ഷനെക്കാള്‍ എത്രയോ സുരക്ഷിതമായ മാര്‍ഗമാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍. ഉത്തരവാദിത്തത്തോടെ അവ ഉപയോഗിക്കുക. അനാവശ്യ ഗര്‍ഭധാരണം ഒഴിക്കാക്കുക. അഥവാ അബദ്ധവശാല്‍ മുന്‍കരുതല്‍ എടുക്കാതെ ശാരീരിക ബന്ധം ഉണ്ടായാലും അത് കഴിഞ്ഞു പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണുകയാണെങ്കില്‍ ഗര്‍ഭധാരണം തടയാന്‍ അപ്പോഴും വഴികള്‍ ഉണ്ട്.- സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. സൗമ്യ സരിന്റെ വാക്കുകളിങ്ങനെ, ചോദ്യം 1: ഡോക്ടര്‍ സാറാസ് എന്ന സിനിമയെ അംഗീകരിക്കുന്നോ ? ഉത്തരം: ആ സിനിമ ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വച്ച ആശയത്തെ പൂര്‍ണമായി അംഗീകരിക്കുന്നു. ചോദ്യം 2 : അപ്പൊ അബോര്‍ഷന്‍ ഒരു പാപം അല്ല എന്നാണോ? ഉത്തരം: അബോര്‍ഷന്‍ എന്ന് പറയുന്നത് പാപവും പുണ്യവും ആണോ എന്നതല്ല കാര്യം. അത് നമ്മുടെ ഭരണഘടന നിയമപ്രകാരം തന്നെ ഒരു സ്ത്രീക്ക് കൊടുത്തിരിക്കുന്ന അവകാശം ആണ്. ഗര്‍ഭിണി ആവണോ വേണ്ടയോ എന്ന തീരുമാനം ഒരു സ്ത്രീക്ക് എടുക്കാവുന്നതാണ്. അതിന് നിയമപ്രകാരം ഇണയുടെ സമ്മതത്തിന്റെ ആവശ്യം പോലും വേണ്ടെന്നാണ് നിയമം പറയുന്നത്.

ചോദ്യം 3: അപ്പൊ തോന്നുമ്പോ ഓരോ തോന്ന്യാസം ചെയ്തു വച്ചിട്ട് സിംപിള്‍ ആയി പോയി അബോര്‍ഷന്‍ ചെയ്താല്‍ മതി എന്നാണോ? ഉത്തരം: അല്ലേ അല്ല! അങ്ങിനെ സിംപിള്‍ ആയി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല അബോര്‍ഷന്‍. ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെ ജീവന്‍ തന്നെ ആപത്തില്‍ ആയേക്കാം. നോട്ടുബുക്ക് എന്ന സിനിമ നമുക്ക് ഓര്‍മയുണ്ടല്ലോ…അത് സംഭവിക്കാവുന്ന കോംപ്ലികേഷന്‍ തന്നെ ആണ്. അത് കൊണ്ട് തന്നെ അബോര്‍ഷന്‍ പറ്റുമെങ്കില്‍ ഒഴിവാക്കേണ്ട ഒരു കാര്യം തന്നെ ആണ്. പക്ഷെ ചെയ്യെണ്ട സന്ദര്‍ഭം ആണെങ്കില്‍ ചെയേണ്ടി വരും. അത്ര തന്നെ. കുട്ടികള്‍ ഇപ്പോള്‍ വേണ്ട എന്നാ തീരുമാനം എടുത്തവര്‍ കാര്യം ഒപ്പിച്ചു പിന്നീട് ഗര്‍ഭിണി ആയി എന്നറിയുമ്പോള്‍ ഓടിപ്പോയി അബോര്‍ഷന്‍ ചെയ്യണം എന്നിവിടെ ആരും പറഞ്ഞിട്ടില്ല. അതിനാണ് ഗര്ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉള്ളത്. ദമ്പതികള്‍ക്ക് അവരുടെ താല്പര്യം അനുസരിച്ചു വേണ്ടത് തിരഞ്ഞെടുക്കാം. അവനവന്റെ ഇഷ്ടത്തിന് കൊണ്ടമോ ഗര്‍ഭനിരോധന ഗുളികയോ കോപ്പര്‍ ടി യോ അങ്ങിനെ എന്ത് വേണമെങ്കിലും തിരഞ്ഞെടുക്കാം! ഈ സിനിമയില്‍ വ്യക്തമായി പറയുന്നുണ്ട്, അവര്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന്. പക്ഷെ എന്തോ കാരണത്താല്‍ പരാജയപെട്ടു. അത് സ്വാഭാവികമായും സംഭവിക്കാം. ഏത് രീതിക്കും ഒരു ചെറിയ പരാജയ സാധ്യത ഉണ്ട്. അങ്ങിനെ സംഭവിച്ചു ഗര്‍ഭിണി ആയാല്‍ അതാരുടെയും കുറ്റം ഒന്നും അല്ലല്ലോ! ഗര്‍ഭിണി ആയി എന്നത് കൊണ്ട് മാത്രം തങ്ങള്‍ ആഗ്രഹിക്കാത്ത ആ കാര്യത്തെ അവര്‍ ആര്‍ക്കെങ്കിലും വേണ്ടി അംഗീകരിക്കണം എന്നാണോ?! അതിന്റെ ഒരാവശ്യവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ആണും പെണ്ണും അച്ഛനും അമ്മയും ആവേണ്ടത് അവര്‍ ആഗ്രഹിക്കുമ്പോഴാണ്. അല്ലാതെ നാട്ടുകാര്‍ ആഗ്രഹിക്കുമ്പോഴല്ല!

ചോദ്യം 4: ഇതൊക്കെ നിയമപരമായി തെറ്റല്ലേ? എല്ലാം ഒപ്പിച്ചു ഗര്‍ഭവും ഉണ്ടാക്കി ‘ എനിക്കീ കുഞ്ഞിനെ വേണ്ട ‘ എന്ന് പ്രഖ്യാപിച്ചാല്‍ ഏത് ഡോക്ടര്‍ ആണ് അബോര്‍ഷന്‍ ചെയ്തു കൊടുക്കുക?! ഡോക്ടര്‍ക്കും മനസ്സാക്ഷി ഇല്ലേ? ഉത്തരം: അതേയ്, ഡോക്ടര്‍മാരുടെ മനസ്സാക്ഷി അളന്നു നോക്കിയല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് ഡോക്ടറുടെ മുന്നില്‍ ഇരിക്കുന്ന സ്ത്രീയുടെ തീരുമാനം ആണ്. അവര്‍ക്ക് അതിന് നിയമം അധികാരം കൊടുക്കുന്നുമുണ്ട്. ഇന്ത്യയിലെ എം. ടി. പി ആക്ട് പ്രകാരം ഗര്‍ഭിണി ആയ ഒരു സ്ത്രീക്ക് ആ ഗര്‍ഭം മൂലം മാനസികമോ ശാരീരികമോ ആയ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അവള്‍ക്ക് അത് വേണ്ടെന്നു വക്കാനും അബോര്‍ഷന്‍ ചെയ്ത് കിട്ടാനുമുള്ള അവകാശം ഉണ്ട്. തനിക്ക് ഈ ഗര്‍ഭം മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് പറയേണ്ടത് അല്ലെങ്കില്‍ തീരുമാനിക്കുന്നത് ആ ഗര്‍ഭിണി മാത്രമാണ്. അവള്‍ക്ക് അങ്ങിനെ തോന്നുന്ന പക്ഷം, ആ കുഞ്ഞിനെ അവള്‍ക്ക് വേണ്ട എന്ന് അവള്‍ തീരുമാനിക്കുന്ന പക്ഷം, അബോര്‍ഷന്‍ ചെയ്ത് കൊടുക്കാന്‍ ഡോക്ടര്‍ ബാധ്യസ്ഥനാണ്. ഇവിടെ ഡോക്ടറുടെ ‘ തോന്നലിന് ‘ ഒരു വിലയുമില്ല എന്നതാണ് സത്യം.

ചോദ്യം 5: കഷ്ടമുണ്ട് ഡോക്ടറേ ഒരു കുഞ്ഞു ജീവനെ കൊല്ലുന്നതിനെ ഇങ്ങനെ ന്യായീകരിക്കുന്നത് കാണുമ്പോ. നിങ്ങളൊക്കെ ഒരു ഡോക്ടര്‍ ആണോ?! കുട്ടികള്‍ ഇല്ലാത്ത എത്ര ആളുകള്‍ ഒരു കുഞ്ഞിക്കാല് കാണാന്‍ കൊതിച്ചിരുന്നു! അപ്പോഴാണ് ഇവിടെ ആളുകള്‍ കൊല്ലാന്‍ നടക്കുന്നത്! ഉത്തരം: ഒരു കുട്ടികളുടെ ഡോക്ടര്‍ എന്ന നിലയില്‍ പലതരം അച്ഛനമ്മമാരെ കണ്ടിട്ടുണ്ട്. നല്ലതും ചീത്തയും. ഒരു രക്ഷിതാവാകുക എന്നത് ചില്ലറ കാര്യമല്ല. മനസ്സറിഞ്ഞു സന്തോഷമായി വേണം ആ ജോലി ഏറ്റെടുക്കാന്‍. അല്ലാതെ ആരും തലയില്‍ കെട്ടി വക്കുന്നതാകരുത്. അതിന് തയ്യാറല്ല എന്ന് തോന്നിയാല്‍ ആ പണിക്ക് പോകാതിരിക്കുക എന്നത് തന്നെ ആണ് എന്റെ പക്ഷം. സ്വന്തം സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒക്കെ പാതി വഴിയില്‍ ഉപേക്ഷിച്ചു കുഞ്ഞിനെ നോക്കാന്‍ പോയവര്‍ക്ക് ഒരിക്കലും ആ ഉത്തരവാദിത്തം മനസ്സറിഞ്ഞു സന്തോഷത്തോടെ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പുറമേക്ക് സന്തോഷം കാണിച്ചു ചെയ്യുന്ന ഒരു അഭിനയം മാത്രമാകും അത്!

പിന്നെ കുട്ടികള്‍ ഇല്ലാത്തവരുടെ വിഷമം!അല്ല, ഒരു കാര്യം ചോദിക്കട്ടെ, ‘ഇപ്പോള്‍ കുട്ടി വേണ്ട’ എന്ന് ചിന്തയുള്ള ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആയി പ്രസവിച്ചാല്‍ ആ കുഞ്ഞിനെ അവള്‍ തന്നെ വേണ്ടേ നോക്കാന്‍?! അല്ലാതെ ഈ ‘കുട്ടികള്‍ ഇല്ലാത്ത ആളുകള്‍’ വന്നു നോക്കി കൊടുക്കില്ലല്ലോ? അപ്പോള്‍ ഈ പറയുന്നതില്‍ എന്ത് ലോജിക് ആണുള്ളത്?! ആര്‍ക്കോ കുട്ടികള്‍ ഇല്ല എന്ന് കരുതി അവള്‍ സ്വന്തം സന്തോഷങ്ങള്‍ വേണ്ടെന്നു വെക്കണോ? സിംപിള്‍ ആയി പറയാം. അടുത്ത വീട്ടില്‍ ദാരിദ്ര്യം ആണ്. ബിരിയാണി കഴിക്കാന്‍ ഉള്ള വക ഇല്ല. എന്നാല്‍ നിങ്ങളുടെ വീട്ടില്‍ ബിരിയാണി ഉണ്ട്. എന്നാ നിങ്ങള്‍ക്ക് ബിരിയാണി ഒട്ടും ഇഷ്ടമില്ല താനും. അപ്പോള്‍ ആരെങ്കിലും വന്നു പറയുകയാണ്, ‘ അയ്യോ അത് പറ്റില്ല. ബിരിയാണി തിന്നെ പറ്റൂ. കാരണം അപ്പുറത്തുള്ളവര്‍ക്ക് ബിരിയാണി ഇല്ല. അപ്പൊ ഈ ബിരിയാണി കളയാന്‍ പറ്റില്ല എന്ന്! ‘ ഒട്ടും ലോജിക് തോന്നുന്നില്ല അല്ലെ! ഇഷ്ടമില്ലെങ്കില്‍ തിന്നാന്‍ നിര്‍ബന്ധിക്കുന്നത് എത്രത്തോളം ബോറാണോ അത് പോലെ തന്നെ ആണ് ആര്‍ക്കെങ്കിലും കുട്ടികള്‍ ഇല്ല എന്നും പറഞ്ഞു വേറെ ആരെയെങ്കിലും അമ്മയും അച്ഛനും ഒക്കെ അവന്‍ നിര്‍ബന്ധിക്കുന്നത്! ഇനി അവസാന ചോദ്യം : ഡോക്ടര്‍ സാറയുടെ സ്ഥാനത് ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? ഉത്തരം: ഒരു സംശയവും വേണ്ട, ചെയ്യും. കാരണം ഞാന്‍ സാറയുടെ സ്ഥാനത് നിന്നിട്ടുണ്ട്. ഒന്നല്ല, രണ്ട് തവണ. പക്ഷെ കോണ്ടവും സേഫ് പീര്യേഡും പണി തരാത്തത് കൊണ്ട് അബോര്‍ഷന്‍ വേണ്ടി വന്നില്ല എന്ന് മാത്രം! പാപ്പു ജനിക്കുന്നത് ഞങ്ങളുടെ കല്യാണം കഴിഞ്ഞു മൂന്ന് വര്‍ഷത്തിന് ശേഷം ആണ്. അറിഞ്ഞു കൊണ്ട് എടുത്ത തീരുമാനം തന്നെ ആയിരുന്നു. ഞാന്‍ കുട്ടികളുടെ വിഭാഗത്തില്‍ പി. ജി. ചെയ്യുകയായിരുന്നു ആ സമയം. പഠിപ്പ് ആദ്യം, കുട്ടി പിന്നെ എന്ന ഉറച്ച തീരുമാനം ഞാന്‍ എടുത്തു. അതോണ്ട് തന്നെ മൂന്ന് വര്‍ഷം കാത്തിരുന്നു, ഞങ്ങള്‍ രണ്ടുപേരും. ഒരമ്മ ആവാന്‍ ഞാന്‍ തയ്യാറായിട്ടില്ല എന്ന ഉത്തമ ബോദ്ധ്യം ഉണ്ടായിരുന്നു എനിക്ക്. ആ തീരുമാനത്തില്‍ ഇന്നും അഭിമാനിക്കുന്നു.

പക്ഷെ എന്റെ അമ്മ ആണ് കുടുങ്ങി പോയത്.എവിടെ പോയാലും ഒരേ ചോദ്യം. അപ്പൊ നിങ്ങള്‍ വിചാരിക്കും ‘വിശേഷോന്നും ആയില്ലേ?’ എന്നാണെന്ന്. അല്ലേ അല്ല. ഇത്തതും കഴിഞ്ഞു പോയി!
‘ സൗമ്യയും സരിനും എവിടെയാ ട്രീറ്റ്‌മെന്റ് എടുക്കുന്നത്?!! ‘ പിന്നല്ലാതെ! 3 വര്‍ഷം കഴിഞ്ഞിട്ടും ആയില്ലെങ്കില്‍ ആര്‍ക്കോ കൊഴപ്പം ഉണ്ടെന്ന് പ്രത്യേകിച്ച് പറയണോ അല്ലെ?! (പാപ്പു ഉണ്ടായതോടെ അമ്മക്ക് തല്‍ക്കാല ആശ്വാസം കിട്ടി.) അടുത്ത പാര വന്നത് പാപ്പുനു ഒരു മൂന്ന് വയസ്സ് ഒക്കെ ആയപ്പോള്‍ ആണ്. ‘ മോളെ, പാപ്പുനു ഒരു കൂട്ട് വേണ്ടേ! പ്രായം മുപ്പത് കഴിഞ്ഞു. ഇനി വൈകിയ പ്രശ്‌നം ആണ് ട്ടോ…’ സത്യം പറഞ്ഞാ ഒരു പെണ്‍കുട്ടി വേണം എന്നാ ഒരാഗ്രഹം മാത്രമാണ് ആദ്യത്തെ തവണ എനിക്ക് ഉണ്ടായിരുന്നത്. ആണ്‍കുട്ടികളോട് ഇഷ്ടകൊറവ് ഒന്നുല്ലാട്ടോ. പക്ഷെ പെണ്‍കുട്ടികളോട് ലേശം ഇഷ്ടക്കൂടുതല്‍ ഉണ്ട്!

പാപ്പു വന്നതോട് കൂടി ആ മോഹം നടന്നു. അവള്‍ ഇന്നെനിക്ക് മകളേക്കാള്‍ ഉപരി എന്റെ ഏറ്റവും അടുത്ത സുഹൃത് ആണ്. എന്റെ ബെസ്റ്റ് ബഡി! സത്യം പറയാല്ലോ…ഇനി ഒരു കുട്ടി കൂടി വേണമെന്ന് എനിക്ക് ഒരിക്കല്‍ പോലും തോന്നീട്ടില്ല. പക്ഷെ സരിന് ഒരാള്‍ കൂടി ആവാം എന്നുണ്ടായിരുന്നു. വീട്ടുകാര്‍ക്കും. പാപ്പൂന് കൂട്ട് വേണമത്രേ. ശരി ആയിരിക്കാം. പക്ഷെ അതിന് വേണ്ടി ഒരു കുട്ടിയെ ഉണ്ടാക്കാന്‍ പറ്റോ? മനസ്സില്‍ ഒട്ടും ആഗ്രഹം തോന്നാതെ ആര്‍ക്കൊക്കെയോ വേണ്ടി അമ്മ വേഷം കെട്ടാന്‍ പറ്റുമോ? ‘പറ്റില്ല’ എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. എനിക്ക് ഈ ജീവിതത്തില്‍ ചെയ്തു തീര്‍ക്കേണ്ട വേറെ എത്രയോ കാര്യങ്ങള്‍ ഉണ്ട്. ഞാന്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നവ. അത് വീണ്ടുമൊരു അമ്മ ആകുക എന്നതില്‍ ഉപരി വേറെ പലതും ആണ്. ആ ആഗ്രഹങ്ങള്‍ക്ക് പുറകെ പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇതിനെ എന്റെ സ്വാര്‍ത്ഥത എന്നോ പിടിവാശി എന്നോ ഒക്കെ വിളിക്കാം. പക്ഷെ എന്റെ തീരുമാനം ഇന്നും എന്റെ ശരി ആണ്. അപ്പൊ ഒരു ചോദ്യം കൂടി: അപ്പോള്‍ ഈ സിനിമ പെര്‍ഫെക്റ്റ് ആണ് എന്നാണോ? ഒരിക്കലുമല്ല. ഒരു കലയും പൂര്‍ണമല്ല എന്ന് പറയുന്ന പോലെ ഇതിലും ചില പാകപ്പിഴകള്‍ ഉണ്ട്.

ഇതില്‍ ഡോ ഹാഫിസ് ( സിദ്ധിഖ് അവതരിപ്പിച്ച ഗൈനെക്കോളജിസ്‌റ്) പറയുന്ന രീതിയില്‍ അല്ല ഒരു ഗൈനെക്കോളജിസ്റ്റും ദമ്പതികളെ കൗണ്‍സില്‍ ചെയ്യുന്നത്. ഈ സിനിമയില്‍ ആ ഉപദേശങ്ങള്‍ വളരെ ഏകപക്ഷീയമായിപ്പോയി എന്ന ഒരു അഭിപ്രായം എനിക്കുണ്ട്. സമയക്കുറവ് കൊണ്ടാകാം. അല്ലെങ്കില്‍ കഥാകൃത് ഉദ്ദേശിച്ച സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉള്ള വ്യഗ്രത കൊണ്ടും ആകാം. ‘എനിക്കീ കുഞ്ഞിനെ വേണ്ട ‘ എന്ന് പറയുന്ന പെണ്‍കുട്ടിയോട് ‘ഉഗ്രന്‍ തീരുമാനം മോളെ…ഇത് നിന്റെ ശരീരം ആണ്, അതുകൊണ്ട് നിന്റെ തീരുമാനം ആണ് ശരി’ എന്നൊന്നും ഒരു ഡോക്ടറും യാഥാര്‍ഥ്യ ജീവിതത്തില്‍ പറയില്ല. യഥാര്‍ഥകാരണം മനസ്സിലാക്കി അവരെ പറ്റുമെങ്കില്‍ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തന്നെ ആണ് ആദ്യം ശ്രമിക്കുക. പക്ഷെ തീരുമാനം പിന്നെയും വേണ്ട എന്നാണെങ്കില്‍ നിര്‍ബന്ധിക്കില്ല എന്ന് മാത്രം.

കാരണം ആഴ്ചകള്‍ വൈകിയ ഗര്‍ഭത്തില്‍ ‘ Dilatation & Evacuation ‘ (D&E) എന്ന പ്രക്രിയ വേണ്ടി വന്നേക്കാം. ഈ പ്രൊസീജര്‍ Endomterium എന്ന പാളിക്ക് ക്ഷതം ഉണ്ടാക്കിയേക്കാം. അത് ഭാവിയില്‍ വന്ധ്യതക്ക് വരെ കാരണമായേക്കാം.അതൊക്കെ മുന്‍കൂട്ടി കാണേണ്ട ഉത്തരവാദിത്തവും അതൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണ്ട ബാധ്യതയും ഒരു ഡോക്ടര്‍ക്കുണ്ട്. പക്ഷെ ഒരു സിനിമയില്‍ അതൊന്നും പ്രയോഗികമാകില്ല. അറിയാം.

എങ്കില്‍ കൂടി ഈ സിനിമ കാണുമ്പോള്‍ അബോര്‍ഷന്‍ സിംപിള്‍ ആയി ചെയ്യാവുന്ന ഒന്നാണെന്നു ചെറുപ്പക്കാരായ ദമ്പതികളില്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട് എന്നത് കൊണ്ട് പറഞ്ഞതാണ്. അപ്പൊ ഇത് അവസാനത്തെ ചോദ്യം ആണേ: അപ്പോള്‍ നിങ്ങള്‍ എന്താണ് പറഞ്ഞു വരുന്നത്? അതായതുത്തമാ, ഗര്‍ഭിണി ആവേണ്ട എന്നുണ്ടെങ്കില്‍ അതിന് അബോര്ഷനെക്കാള്‍ എത്രയോ സുരക്ഷിതമായ മാര്‍ഗമാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍. ഉത്തരവാദിത്തത്തോടെ അവ ഉപയോഗിക്കുക. അനാവശ്യ ഗര്‍ഭധാരണം ഒഴിക്കാക്കുക. അഥവാ അബദ്ധവശാല്‍ മുന്‍കരുതല്‍ എടുക്കാതെ ശാരീരിക ബന്ധം ഉണ്ടായാലും അത് കഴിഞ്ഞു പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണുകയാണെങ്കില്‍ ഗര്‍ഭധാരണം തടയാന്‍ അപ്പോഴും വഴികള്‍ ഉണ്ട്.

നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇതിനെ കുറിച്ചൊക്കെ വ്യക്തമായി ധാരണ കൊടുക്കുകയാണ് ആദ്യം വേണ്ടത്. അതിന്നിവിടെ ആര്‍ക്ക് ആണ് സമയം?! എല്ലാവരെയും ഡോക്ടറും എന്‍ജിനീയറും ആക്കിയാല്‍ മതിയല്ലോ. സെക്‌സ് എഡ്യൂക്കേഷനൊക്കെ ആര്‍ക്ക് വേണം അല്ലെ! ഇനി അബദ്ധവശാല്‍ ഗര്‍ഭിണി ആയി എന്ന് വക്കുക. ആ ‘ അബദ്ധം ‘ ലോകാവസാനം ഒന്നുമല്ല. സ്വന്തം സ്വപ്നങ്ങളും ജീവിതവും ബലി കഴിക്കുകയും വേണ്ട. നല്ല പോലെ ചിന്തിക്കുക. ‘വേണ്ട’ എന്ന് തന്നെ ആണ് തീരുമാനം എന്നുണ്ടെങ്കില്‍ ധൈര്യമായി ഒരു ഗൈനെക്കോളജിസ്‌റിനെ കാണുക. ശാസ്ത്രീയമായ രീതിയിലൂടെ മാത്രം ഗര്‍ഭച്ഛിദ്രം നടത്തുക! സിംപിള്‍! ഒന്നുകില്‍ നല്ല അച്ഛനും അമ്മയും ആകുക! അല്ലെങ്കില്‍ ആകാതിരിക്കുക! തീരുമാനം നിങ്ങളുടേതാണ്. നാട്ടുകാരുടേതല്ല! അത്രേന്നെ!