എ.ടി.എം ഇടപാടുകള്‍ക്ക് നിയന്ത്രണം; ഇനി 24 മണിക്കൂര്‍ സേവനമില്ല

എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച്‌ രാത്രിയില്‍ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാര്‍ഡ്. രാത്രി 11 മുതല്‍ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്. തട്ടിയെടുക്കുന്ന കാര്‍ഡ് ഉപയോഗിച്ചും മറ്റും വന്‍തോതില്‍ പണം കൈമാറുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണിത്. എസ്.ബി.ഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്

നിലവില്‍ 40,000 രൂപവരെ എ.ടി.എം. വഴി വേറെ അക്കൗണ്ടിലേക്കോ കാര്‍ഡിലേക്കോ കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല.

ഇതോടെയാണ് രാത്രി 11 മുതല്‍ രാവിലെ ആറുവരെ ഈ സൗകര്യം പൂര്‍ണമായി നിര്‍ത്തിയത്