ശബരിമലയില്‍ ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്‍റെ ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണിത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, വിഷയത്തില്‍ ഇന്നുതന്നെ മറുപടി വേണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

ശബരിമലക്ക് മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതില്‍ എന്താണ് തടസമെന്ന് സര്‍ക്കാറിനോട് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. അത്തരത്തിലൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ശബരിമലക്കുണ്ട്. ശബരിമല കേസ് ഏഴംഗ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഏഴംഗ ബെഞ്ചിന്‍റെ വിധി എതിരാണെങ്കില്‍ എങ്ങനെ ശബരിമലയില്‍ ലിംഗ സമത്വം ഉറപ്പാക്കി യുവതികള്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും ജസ്റ്റിസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പന്തളം രാജകുടുംബം നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി.

എല്ലാവര്‍ക്കും നിയമനം ഉറപ്പാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് രൂപം നല്‍കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ഈ സന്ദര്‍ഭത്തിലാണ് യുവതീ പ്രവേശനം സംബന്ധിച്ച ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി എതിരായാല്‍ യുവതികളായ ജീവനക്കാരെ ശബരിമലയില്‍ നിയമിക്കാന്‍ സാധിക്കുകയെന്ന് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചത്.