ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; എസ് ഡി പി ഐ ജില്ലാ നേതാവ് പിടിയില്‍

കോഴിക്കോട്/ ബാലുശ്ശേരിയില്‍ യുവാവിനെ ആക്രമിച്ചക്കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ ജില്ലാ നേതാവ് സഫീറാണ് പിടിയിലായത്. ഇയാള്‍ ജിഷ്ണുവിനെ അക്രമിച്ചതിന് പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു.

ജിഷ്ണുവിനെ എസ്ഡിപിഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.തുടര്‍ന്ന് ജിഷ്ണുവിനെ സഫീര്‍ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളാക്കപ്പെട്ടവരില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അതേസമയം രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും പോലീസ് പറഞ്ഞു.

പിറന്നാള്‍ ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ജിഷ്ണവിനെ 30 പേരടങ്ങുന്ന സംഘമാണ് മര്‍ദ്ദിച്ചത്. എസ്ഡിപിഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തുവിട്ടതാണെന്നും കഴുത്തില്‍ കത്തിവെച്ച് പറയിപ്പിക്കുന്ന വീഡിയോയും ചിത്രീകരിച്ചു.