സീലിങ് തകർന്ന് കട്ടിലിന് മുകളിൽ വീണു; രോഗികൾ ഇല്ലാതിരുന്നത് ഭാഗ്യമായി; സംഭവം ആലപ്പുഴ ജനറൽ ആശുപത്രിയിൽ

ആലപ്പുഴ: വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിലാണ് സംഭവം. രോഗിയില്ലാത്തതിനാൽ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സർജറി വാർഡിലാണ് സംഭവം. ഫാനിന്‍റെ സമീപത്തെ സീലിങ്ങാണ് അടർന്ന് വീണത്.

ഡ്യൂട്ടി മുറിയിലെ ജീവനക്കാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കട്ടിലിലും നിലത്തുമായി കോൺക്രീറ്റ് ചിതറിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാർഡിലും മറ്റിടങ്ങളിലും സീലിങ്ങും തൂണുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.

കെട്ടിടത്തിന്റെ കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന സീലിങ്ങും പൊട്ടിപ്പൊളിഞ്ഞ തൂണും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് കഴിയുന്നത്. സർജറി വാർഡിന്‍റെ കവാടത്തിന്‍റെ ഭാഗത്തെ സീലിങ്ങും തകർന്ന് അവസ്ഥയിലാണ്.