പിണറായിയുടെയും ശ്രീരാമകൃഷ്ണന്റെയും പരാമർശമുള്ള സ്വപ്നയുടെ രഹസ്യമൊഴി ഇഡിയുടെ കൈയ്യിലെത്തി.

കൊച്ചി/ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കുന്ന സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിന് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴിപ്പകർപ്പ് ഇ.ഡിക്ക് നൽകിയിരിക്കുന്നത്.

നിർണ്ണായക വിവരങ്ങൾ ഉൾപ്പെടുന്ന രഹസ്യമൊഴി അന്വേഷണത്തിന്റെ ദിശതന്നെ നിർണ്ണയിക്കന്നതാണ്. ആദ്യഘട്ടത്തിൽ തന്നെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി രംഗത്തു വന്നിരുന്നെങ്കിലും കസ്റ്റംസ് ആവശ്യം നിരാകരിക്കുകയായിരുന്നു. 2020 ഡിസംബറിൽ സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇ. ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വപ്ന നൽകിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇ ഡി ക്ക് കൈമാറാൻ തയ്യാറായത്. സ്വപ്ന സുരേഷ് പുതുതായി നൽകിയ 27 പേജുള്ള 164 മൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിനു നൽകിയ മൊഴിക്കായി ഇ ഡി വീണ്ടും കോടതിയെ സമീപിച്ചത്.

എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷ പരിഗണിച്ചാണ് രഹസ്യമൊഴിയുടെ പകർപ്പ് കോടതി കൈമാറിയിരിക്കുന്നത്. അതേസമയം, ഡോളർ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ജൂൺ 22ലേക്ക് കോടതി മാറ്റി. കസ്റ്റംസ് അഭിഭാഷകൻ്റെ വാദം കൂടി കേൾക്കണമെന്ന് പറഞ്ഞാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്.

ഡോളർ കടത്ത് കേസിലും, സ്വർണക്കടത്ത് കേസിലും 2020ലാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നൽകിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്കെതിരെ മൊഴികളികൾ പരാമർശമുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത് കുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നതാണ്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം ഹർജി തള്ളിയത്. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസികൾക്ക് മാത്രമേ നൽകാനാവൂ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നും അതിനാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ മൊഴി പകർപ്പ് ആർക്കും നൽകാൻ കഴിയില്ലെന്നുമാണ് കോടതി അറിയിച്ചത്.