100 കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കേസ്

ഛണ്ഡീഗഡ്: കര്‍ഷക സമരക്കാര്‍ക്കെതിരെ ഹരിയാന പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ബിജെപി നേതാവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗങ്വയ്‌ക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്. ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപി-ജെജെപി നേതാക്കള്‍ക്കെതിരെ കര്‍ഷകര്‍ പലയിടത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് സിര്‍സ ജില്ലയില്‍ ജൂലൈ 11ന് കര്‍ഷകരുടെ സമരം നടന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ കാറിന് നേരെ അക്രമമുണ്ടായി. ഈ സംഭവത്തിലാണ് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹ കേസിന്റെ ആവശ്യകത സംബന്ധിച്ച്‌ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരിക്കെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

രാജ്യദ്രോഹ വകുപ്പിന് പുറമെ കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിങ്, പ്രഹ്ലാദ് സിങ് എന്നിവരെയും പ്രതികളാക്കി. പോലീസ് നടപടിയില്‍ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തുവന്നു. വ്യാജ കേസുകള്‍ എടുത്ത് സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും കോടതിയില്‍ നേരിടുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

ബിജെപി നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി എന്നും കര്‍ഷകര്‍ ആരോപിച്ചു. രാജ്യദ്രോഹ കേസ് കോളനി കാലത്തെ നിയമമാണ് എന്നാണ് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചത്. സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷത്തിന് ശേഷവും ഈ നിയമം ആവശ്യമുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.