വീണ്ടും സെല്‍ഫി ദുരന്തം, നദിയില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പതിനഞ്ച് വയസുകാരന് ദാരുണാന്ത്യം

കിളിമാനൂര്‍: കേരളത്തെ ഞെട്ടിച്ച് വീണ്ടും സെല്‍ഫി അപകടം. പാറപ്പുറത്ത് കയറി നിന്ന് സെല്‍ഫി എടുക്കവെ നദിയില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പതിനഞ്ച് വയസുകാരന്‍ കയത്തില്‍ പെട്ട് മരിച്ചു. കുളത്തൂര്‍ പൗണ്ടുകടവ് പുളിമുട്ടത്ത് ഷഹനാസ് മന്‍സിലില്‍ സുല്‍ഫിക്കര്‍- ഷര്‍മി ദമ്പതികളുടെ മകന്‍ ഷഹനാസ് ആണ് മരിച്ചത്. ആക്കുളം എം ജി എം സെന്‍ട്രല്‍ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹസ്.

വാമനപുരം നദിയിലെ കളമച്ചല്‍ ആറാട്ടു കടവില്‍ ആയിരുന്നു സംഭവം ഉണ്ടായത്. ഷഹനാസും സഹോദരന്‍ ഷബാസും കാറേറ്റ് കരുവള്ളിയാട് താമസിക്കുന്ന മാതൃസഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു റംസാന്‍ കാലം തുടങ്ങിയത് മുതല്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും മറ്റ് മൂന്ന് പേരോടൊപ്പം രണ്ട് കിലോമീറ്റര്‍ അകലെ ഉണ്ടായിരുന്ന ആറാട്ടു കടവില്‍ എത്തിയത്. അഞ്ച് പേരും പാറപ്പുറത്ത് കയറി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ ഷബാസ് കാല്‍ വഴുതി നദിയിലേക്ക് വീഴുകയായിരുന്നു.

തുടര്‍ന്ന് ഷബാസിനെ കൈനീട്ടി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന സമയം ഷഹനാസ് കയത്തിലേക്കു വീഴുകയായിരുന്നു. ഈ സമയം ഷബാസിനെ മറ്റുള്ളവര്‍ പിടിച്ച് കരക്ക് കയറ്റി. ഷഹനാസിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എല്ലാവര്‍ക്കും നിസഹായരായി നോക്കി നില്‍ക്കാനെ സാധിച്ചൊള്ളു. തുടര്‍ന്ന് വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്കും കയത്തിന്റെ ആഴവും മൂലം അതും വിഫലമായി.

തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും സ്‌കൂബാ ടീമിനെ വരുത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കയത്തില്‍ നിന്നും പുറത്ത് എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം പൗണ്ട്കടവ് കാഞ്ഞിരംകോട് മുസ്ലിം പള്ളിയില്‍ കബറടക്കി.