ഇടുക്കിയിൽ വിദ്യാർത്ഥികളെ ആക്രമിച്ച് പൂർവ്വവിദ്യാർത്ഥികൾ

ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ വിദ്യാർഥികളേ പൂർവ്വ വിദ്യാർഥികൾ ആക്രമിച്ചു. ഇടുക്കി മുണ്ടിയെരുമയിലാണ് സംഭവം.പത്തോളം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരേ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇടുക്കി മുണ്ടിയെരുമയിൽ നടന്ന ഫുഡ്‌ബോൾ കളിയുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായാണ് സംഘർഷമുണ്ടായത്. വൈകുന്നേരം സ്‌കൂളിലെത്തിയ പൂർവ്വവിദ്യാർത്ഥികൾ സ്‌കൂളിലെ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഹോം ഗാർഡിനെ ആക്രമിക്കാനും ശ്രമം നടന്നു.

സംഭവം അറിഞ്ഞ് നെടുങ്കണ്ടത്തുനിന്നും പൊലീസെത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. പരിക്കേറ്റവർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. പിന്നാലെയെത്തിയ പൂർവ്വവിദ്യാർത്ഥി സംഘം വീണ്ടും തൂക്കുപാലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേത്തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സ്‌കൂൾ പരിസരത്തും തൂക്കുപാലത്തെ ആശുപത്രി പരിസരത്തും പൊലീസ് കാവലേർപ്പെടുത്തി.