കൂടത്തായി കൊലപാതക പരമ്പര; ഫൊറൻസിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ല

കോഴിക്കോട്. കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട എസ്പി കെജി സൈമൺ. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം.

സംസ്ഥാനത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളിൽനിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമൺ ചൂണ്ടിക്കാട്ടി. ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണ്. ഇതിനു പിന്നാലെയാണ് ഫൊറൻസിക് ഫലം അന്വേഷണത്തെ ബാധിക്കില്ലെന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സൈമണിന്റെ നിലപാട്.

പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.

2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.